ദരിദ്രർക്ക് ഭക്ഷണമെത്തിക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ ആരംഭിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് റമദാൻ ആദ്യ പകുതിയിൽ 51.4 കോടി ലഭിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 87,000ത്തിലധികം ദാതാക്കളിൽ നിന്നാണ് സംഭാവനകൾ ലഭിച്ചത്.
ക്യാമ്പയിനോടുള്ള മികച്ച പ്രതികരണം യു.എ.ഇ സംസ്കാരത്തിന്‍റെ ഭാഗമായ ഉദാരതയുടെയും ഐക്യദാർഢ്യത്തിനെറയും യഥാർഥ പ്രതിഫലനമാണെന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ച നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്.
സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് ക്യാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണപ്പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
10 ദിർഹമാണ് ഏറ്റവും കുറഞ്ഞ സംഭാവന തുക. 1billionmeals.ae എന്ന വെബ്സൈറ്റ് വഴി തുക കൈമാറാം. അല്ലെങ്കിൽ എമിറേറ്റ്സ് എൻ.ബി.ഡിയുടെ പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചും സംഭാവന ചെയ്യാം.