പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പുണെയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. ഏകദേശം 1800 കോടി രൂപ വിലമതിക്കുന്ന പുണെയിലെ 40 ഏക്കര്‍ വരുന്ന കണ്ണായ ഭൂമി, പാര്‍ത്ഥ് പവാറിന്റെ കമ്പനിക്ക് 300 കോടി രൂപയ്ക്ക് വിറ്റു എന്നുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഭൂമി ഇടപാടിനായി അടച്ച സ്റ്റാമ്പ് ഡ്യൂട്ടി വെറും 500 രൂപ മാത്രമായിരുന്നു എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
വിഷയം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അതിവേഗ നടപടിക്ക് ഉത്തരവിട്ടു. മണിക്കൂറുകള്‍ക്കകം പുണെ തഹസില്‍ദാര്‍ സൂര്യകാന്ത് യേവാലെയെ സസ്‌പെന്‍ഡ് ചെയ്തു. വിഷയം അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വികാസ് ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ക്രമക്കേടുകളില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തിയ ഫഡ്നാവിസ്, എന്തെങ്കിലും തെറ്റ് സംഭവിച്ചതായി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കി രണ്ട് മണിക്കൂറിനുള്ളിലാണ് തഹസില്‍ദാരെ സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന ഉപമുഖ്യമന്ത്രിയുടെ മകന്‍ ഉള്‍പ്പെട്ട കേസില്‍ സര്‍ക്കാരിന്റെ നടപടിയുടെ വേഗത മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
സ്റ്റാമ്പ്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, ഭൂമി ഇടപാട് പൂര്‍ണ്ണമായും നിയമവിരുദ്ധമായാണ് നടന്നിരിക്കുന്നത്. ഭൂമിയുടെ യഥാര്‍ത്ഥ വില വളരെ കുറച്ചുകാണിച്ച് വെറും 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് വില്‍പ്പന നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പുണെ ഡെപ്യൂട്ടി രജിസ്ട്രാര്‍ രവീന്ദ്ര തരുവിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇടപാടുകാര്‍ സാധാരണ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി ഇടപാട് രജിസ്റ്റര്‍ ചെയ്യുകയും, അതുവഴി യഥാര്‍ത്ഥ ഭൂവുടമയ്ക്കും സംസ്ഥാന ഖജനാവിനും നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ ആരോപിക്കുന്നു.
നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും പ്രമുഖവുമായ പ്രദേശങ്ങളിലൊന്നായ പുണെയിലെ കോര്‍ഗാവ് പാര്‍ക്കിലാണ് വിവാദ ഭൂമി സ്ഥിതി ചെയ്യുന്നത്. ആവശ്യമായ സര്‍ക്കാര്‍ അനുമതികളും വിലയിരുത്തലുകളും മറികടന്ന് ഒന്നിലധികം നിയമങ്ങള്‍ ലംഘിച്ചാണ് ഇടപാട് നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ ഇളവ് നേടുന്നതിനായി ഭൂമിയുടെ വില കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ഈ ഇടപാട് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍.
സംഭവം, അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും വ്യക്തമായ ഉദാഹരണമാണ് എന്ന് ആരോപിച്ച് വിപുലമായ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. ഭരണത്തിലെ സുതാര്യത ഉറപ്പുവരുത്താനും ഉത്തരവാദിത്തം കാണിക്കാനുമുള്ള കടുത്ത സമ്മര്‍ദ്ദത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മഹായുതി സര്‍ക്കാര്‍ ഇപ്പോള്‍. പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിലൊന്നിലെ ഒരംഗം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍.
അന്വേഷണ സമിതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍, എല്ലാവരുടെയും കണ്ണുകള്‍ അജിത് പവാറിലേക്കും അദ്ദേഹത്തിന്റെ മകന്‍ പാര്‍ത്ഥിലേക്കുമാണ്. ഇരുവരും വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഈ വലിയ ഭൂമി കുംഭകോണം വരുന്ന ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തന്നെ മാറ്റിമറിക്കും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.



