തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേർത്ത് പിടിച്ചത് ഇടതുപക്ഷമാണെന്നും ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ സർക്കാർ ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിക്കുന്നത് തുടരുമെന്ന് ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം കഴിക്കാനും മാതൃഭാഷ സംസാരിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നു. ഇവയ്ക്ക് നേരെ കണ്ണടയ്ക്കുന്ന കൂട്ടരുണ്ട്. ഇതിനെതിരെ നിലപാട് സ്വീകരിക്കുന്ന കൂട്ടരുമുണ്ട്. അവ ഏതൊക്കെയെന്ന് തിരിച്ചറിയാൻ സമസ്തയെ പോലുള്ള സംഘടനയ്ക്ക് കഴിയണം. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധർ പ്രവർത്തിക്കുന്ന അവസ്ഥയുണ്ട്. അവരെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. ഭൂരിപക്ഷ വർഗീയത ഉയർന്നുവരുമ്പോൾ ന്യൂനപക്ഷ വർഗീയതകൊണ്ട് അതിനെ ചെറുക്കാം എന്ന് കരുതന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. ഏത് വർഗീയതയും നാടിന് ആപത്ത് മാത്രമേ വരുത്തുകയുള്ളൂ. വർഗീയതയോടുള്ള വിമർശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമർശനമല്ല. ഭൂരിപക്ഷ വർഗീയതയെ വിമർശിക്കുന്ന ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട മതത്തെയല്ല. ന്യൂനപക്ഷ വർഗീയതയെ വിമർശിക്കുമ്പോൾ ന്യൂനപക്ഷ മതങ്ങളേയോ അതുമായി ബന്ധപ്പെട്ടവരെയോ അല്ല വിമർശിക്കുന്നത്. രണ്ട് വർഗീയതയും പരസ്പര പൂരകങ്ങളാണ്. അത് തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയണം. മതവിശ്വാസവും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വർഗീയതയോടുള്ള വിമർശനം മതവിശ്വാസികളോടുള്ള വിമർശനമായി ഉയർത്തിക്കാട്ടുന്നത് വർഗീയവാദികളുടെ ആവശ്യമാണ്. അവർക്ക് അതിന്റെ മറവിൽ രക്ഷപ്പെടാനാണ്. സമസ്ത അതിന് അനുവദിക്കരുത്. സത്യമാണെന്ന് തോന്നുന്ന രീതിയിൽ നുണ നല്ല രീതിയിൽ പ്രചരിപ്പിക്കുക എന്നതാണ് എല്ലാ വർഗീയവാദികളുടേയും പ്രത്യേക സ്വഭാവം. വർഗീയ സംഘടനകൾക്ക് അതിന് പ്രത്യേക പരിശീലനവുമുണ്ട്. നുണ പ്രചാരണത്തിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കാൻ വർഗീയ സംഘടനകൾക്ക് കഴിയുന്നുവെന്നതും നാം കാണേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം ഏതെങ്കിലും സമുദായത്തിനെതിരായ അതിക്രമമല്ല. അത് രാജ്യത്തിന്റെ ജനാധിപത്യ ചിന്തക്കും വൈവിധ്യങ്ങൾക്കുമെതിരായ ആക്രമണംകൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മതനിരപേക്ഷ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നതിൽ ഇടതുപക്ഷം എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് നടത്തിയിട്ടുള്ളത്. വർഗീയ ശക്തികൾ തലപൊക്കുമ്പോഴെല്ലാം നെഞ്ചുവിരിച്ച് നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. കേരളത്തിൽ കലാപമുണ്ടായ ഘട്ടത്തിലെല്ലാം ആ കാര്യം വ്യക്തമായതാണ്. ന്യൂനപക്ഷ ജനവിഭാഗങ്ങളും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തല ഉയർത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും ഇടതുപക്ഷം എന്നും പ്രതിജ്ഞബദ്ധമാണ്. എല്ലാ ഇടതുസർക്കാരുകളും അത്തരം സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ന്യൂനപക്ഷങ്ങളെ സവിശേഷതയോടെ എല്ലാ കാലത്തും ഇടതുപക്ഷം കണ്ടിട്ടുണ്ട്. അത് ഏതെങ്കിലും തിരഞ്ഞെടുപ്പ് ഫലംവെച്ച് അളക്കാവുന്നതല്ല. ന്യൂനപക്ഷങ്ങളുടെ ആശങ്കൾ കേൾക്കാനും ചേർത്ത് പിടിച്ച് മുന്നോട്ടുപോകാനും സംസ്ഥാന സർക്കാർ എല്ലാ ഘട്ടത്തിലും തയ്യാറായിട്ടുണ്ട്. ഇനിയും തയ്യാറാകുമെന്ന ഉറപ്പാണ് നൽകാനുള്ളത്. വെറുംവാക്കല്ല എന്നത് കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ വ്യക്തമാകും’ മുഖ്യമന്ത്രി പറഞ്ഞു.



