കണ്ണൂർ: ബിജെപി പാർലമെന്ററി ജനാതിപത്യം അട്ടിമറിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായാണ് ന്യൂനപക്ഷ മത പ്രധാനികളെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്ത്യൻ പാർലമെന്റ് പാർലമെന്റായി പ്രവർത്തിക്കരുതെന്ന നയമാണ് ബിജെപിക്ക് ഉള്ളത്. പ്രതിപക്ഷത്തിന്റെ ശബ്ദം പാർലമെൻറിൽ ഉയരാൻ പാടില്ലെന്ന നിലപാടാണ് ഭരണകൂടത്തിനുള്ളത്. അതിനായി ശ്രമിക്കാവുന്നതിന്റെ പരമാവധി അവർ ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസിന് ജനാധിപത്യത്തിൽ താത്പര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസിന്റെ പൊതുനയം ജനാധിപത്യരീതിയല്ല. അതിനാൽ തന്നെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമവും അവർ നടത്തുന്നു. അതിന് വേണ്ടി ഭരണഘടനാ സ്ഥാപനങ്ങളെയും ജുഡീഷ്യറിയെയും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് ഭാഗമായാണ് ന്യൂനപക്ഷ മത പ്രധാനികളെ പ്രീണിപ്പിക്കാൻ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല നിലപാടിനെയും മുഖ്യമന്ത്രി ഇന്ന് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ചില അവസരവാദികൾ ഇത്തരം പ്രീണനങ്ങൾക്ക് വഴിപ്പെടുന്നുണ്ട്. അത് സംസ്ഥാനത്തിന്റെ പൊതു നിലപാടല്ല. ബിജെപിയുടെ അജണ്ട നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളമെന്നും ഇവിടെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ നാടിന് ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.