ഇസ്രോയുടെ പരാജയപ്പെട്ട PSLV-C62 ദൗത്യത്തിന്റെ ഭാഗമായിരുന്ന കസ്ട്രൽ ഇനിഷ്യൽ ഡെമോൺസ്‌ട്രേറ്റർ (KID) കാപ്‌സ്യൂൾ തകർച്ചയെ അതിജീവിച്ചതായി വെളിപ്പെടുത്തൽ. നിർമാതാക്കളായ സ്പാനിഷ് സ്റ്റാർട്ടപ്പ് ഓർബിറ്റൽ പാരഡിഗമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.
ഈ കാപ്‌സ്യൂൾ ഭൂമിയിലേക്ക് നിർണ്ണായക ഡാറ്റ കൈമാറിയതായി കമ്പനി പറയുന്നു. പ്രധാന പേലോഡുകൾ നശിച്ച മൂന്നാം ഘട്ടത്തിലെ അസാധാരണ സാഹചര്യങ്ങളെയാണ് ഇത് അതിജീവിച്ചതെന്ന് ഓർബിറ്റൽ പാരഡിഗം X -ൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ‘ഞങ്ങളുടെ KID കാപ്‌സ്യൂൾ. PSLV C62-ൽ നിന്ന് വേർപെട്ടു. ഓൺ ആയി. 3+ മിനിറ്റ് ഡാറ്റ കൈമാറി.’ എന്ന് തുടങ്ങുന്നതാണ് സ്പാനിഷ് സ്റ്റാർട്ടപ്പിന്റെ X പോസ്റ്റ്. കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
റീ-എൻട്രി ടെസ്റ്റുകൾക്കായി രൂപകൽപ്പന ചെയ്തതാണ് ഈ കാപ്‌സ്യൂൾ. ദക്ഷിണ പസഫിക് സമുദ്രത്തിൽ പതിക്കുന്ന തരത്തിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. മിക്ക ഉപകരണങ്ങളെയും തകർക്കുന്ന തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെയാണ് ഇത് അതിജീവിച്ചത്.
2026-ലെ ഇസ്രോയുടെ ആദ്യത്തെ വിക്ഷേപണമാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് PSLV-C62 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. EOS-N1 (അന്വേഷ), ഒരു DRDO സ്ട്രാറ്റജിക് ഇമേജിംഗ് ഉപഗ്രഹം, ഓൺ-ഓർബിറ്റ് ഇന്ധനം നിറയ്ക്കുന്നതിനുള്ള ആയൂൾസാറ്റ്, മൗറീഷ്യസ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവയുൾപ്പെടെ 15 പേലോഡുകളായിരുന്നു ഉണ്ടായിരുന്നത്. ദൗത്യം പരാജയപ്പെട്ടതോടെ ഉപഗ്രഹങ്ങളെല്ലാം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെട്ടത്. ദൗത്യം പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഡാറ്റ വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. വിശദമായ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
വിക്ഷേപണം പരാജയപ്പെട്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ റോക്കറ്റിന്റെ അപ്പർ സ്റ്റേജും പേലോഡുകളും അന്തരീക്ഷത്തിലേക്ക് പുനപ്രവേശിച്ചിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ വായുവുമായുള്ള ശക്തമായ ഘർഷണം ആയിരക്കണക്കിന് ഡിഗ്രി വരെ താപനില ഉയർത്തുകയും അവയെ കത്തിച്ചു കളയുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെട്ടത്. ശേഷിക്കുന്ന ഏതെങ്കിലും ചെറിയ ഭാഗങ്ങൾ സമുദ്രത്തിൽ പതിക്കാനും സാധ്യതയുണ്ടെന്നും കരുതപ്പെട്ടിരുന്നു. അതിനിടെയാണ് സ്പാനിഷ് കാപ്‌സ്യൂൾ ഭൂമിയിലേക്ക് വിവരം കൈമാറിയെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്.
PSLV യുടെ അഭിമാനകരമായ ചരിത്രത്തിലെ നാലാമത്തെ പരാജയം മാത്രമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ISRO ഇതിനകം ഫ്ളൈറ്റ് ഡാറ്റ, സെൻസർ റീഡിംഗുകൾ, ക്യാമറ ഫൂട്ടേജ് എന്നിവയുടെ ഓരോ ഭാഗവും ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യാൻ ഒരു ടീം രൂപവത്കരിച്ചിട്ടുണ്ട്. ദൗത്യം പരാജയപ്പെട്ടത്തിന്റെ കാരണങ്ങൾ കണ്ടെത്താനാണിത്. വിശദമായ അന്വേഷണം പൂർത്തിയായശേഷം തുടർ നടപടികൾ സ്വീകരിക്കുകയും ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.



