തിരുവനന്തപുരം : ഇടതു സഹയാത്രികനും മുന്‍ എംഎല്‍എയുമായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കന്റോണ്‍മെന്റ് പൊലീസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. കുഞ്ഞുമുഹമ്മദിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്.
സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടായെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദില്‍നിന്നു മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വഴി ഡിസംബര്‍ 2ന് ലഭിച്ച പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് 8നാണ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം.
തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്കു മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണു പരാതി. ഹോട്ടലില്‍ നിന്നു പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍, പരാതിയില്‍ ആരോപിക്കുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പരാതിക്കാരി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.



