ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികൾ. മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. മൂവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞു. ആകെ അഞ്ച് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായാതായാണ് ഇതുവരെയുള്ള വിവരം.
ബുധനാഴ്ച രാവിലെ ദോഹ അൽ മൻസൂറയിലെ ബിൻ ദിർഹാമിൽ തകർന്നുവീണ നാലു നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കെട്ടിടത്തിൽ താമസിച്ചിരുന്ന ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രികളിലും മോർച്ചറിയിലും അന്വേഷിച്ചിരുന്നെങ്കിലും ഇന്നലെയും ഇന്നുമായാണ് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.
നിലമ്പൂർ ചന്തക്കുന്ന് സ്വദേശിയായ ഫൈസൽ ഖത്തറിലെ അറിയപ്പെടുന്ന ഗായകനാണ്. ദീർഘകാലം സൗദിയിലായിരുന്ന ഫൈസൽ രണ്ടു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. 49 കാരനായ ഫൈസൽ മൂന്ന് മക്കളുടെ പിതാവാണ്. പൊന്നാനി മാറഞ്ചേരി സ്വദേശിയാണ് നൗഷാദ് മണ്ണറയിൽ. ഇന്ന് രാവിലെയാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. 44 കാരനായ നൗഷാദിന് രണ്ട് മക്കളുണ്ട്. ഇന്ന് വൈകിട്ടോടെയാണ് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. 38 കാരനായ അഷ്‌റഫ് ഒരുമാസം മുമ്പാണ് ഖത്തറിൽ എത്തിയത്. ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.
ജാർഖണ്ഡ് സ്വദേശി ആരിഫ് അസീസ് മുഹമ്മദ് ഹസ്സൻ, ആന്ധ്രാ സ്വദേശി ശൈഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് നാലുനില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും 9 പേരെ രക്ഷപ്പെടുത്തിയിരുന്നു.