
ദോഹ: ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ മൂന്നാമതെത്തി ഖത്തർ എയർവേയ്സ്. ഏവിയേഷൻ അനലറ്റിക്സ് കമ്പനിയായ സിറിയമാണ് പട്ടിക തയ്യാറാക്കിയത്. 2024-ൽ സമയബന്ധിതമായി സർവീസ് നടത്തിയ വിമാനകമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഖത്തർ എയർവേയ്സ്. കൃത്യസമയത്ത് പുറപ്പെടുന്നതിൽ 84.07 ശതമാനവും എത്തിച്ചേരുന്നതിൽ 86.4 ശതമാനവുമാണ് ഖത്തർ എയർവേയ്സിന്റെ പ്രകടനം. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആണ് ഓൺ-ടൈം എന്ന് നിർവചിച്ചിരിക്കുന്നത്.കൊളംബിയയിൽ നിന്നും ബ്രസീലിൽ നിന്നുമുള്ള വിമാനക്കമ്പനികളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേസിൽ യാത്ര ചെയ്തത്. ലോകമെമ്പാടുമുള്ള 170ലധികം കേന്ദ്രങ്ങളിലേക്ക് കമ്പനി സർവീസ് നടത്തുന്നുണ്ട്. ഖത്തറിന്റെ ഹമദ് വിമാനത്താവളവും കൃത്യനിഷ്ഠയിൽ മുൻനിരയിലുണ്ട്. 82.04 ശതമാനമാണ് വിമാനത്താവളത്തിൽ നിന്നും സമയബന്ധിതമായി പുറപ്പെടൽ നിരക്ക്.