കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭർത്താവ്. കുടുംബപ്രശ്‌നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തുവെന്നാണ് യുവാവിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞു. രാഹുലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യുവാവ് വ്യക്തമാക്കി. തനിക്കും നീതി കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്നതാണെന്നാണ് രാഹുൽ കോടതിയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി വന്ന ആളാണെങ്കിൽ അദ്ദേഹം തന്നെയും കൂടി വിളിച്ചിരുത്തി സംസാരിക്കേണ്ടേ. അതല്ലേ ഒരു നാട്ടുനടപ്പ്, യുവാവ് ചോദിച്ചു. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. രാഹുൽ തെറ്റ് ചെയ്തു എന്ന് പോലീസിനും കോടതിക്കും ബോധ്യമാവുകയാണെങ്കിൽ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണം. ഒരു എംഎൽഎയ്ക്ക് എന്തെങ്കിലും പ്രത്യേക പരിഗണനയുണ്ടോ എന്നും യുവാവ് ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കുടുംബജീവിതം തകർത്തെന്നും വലിയ മാനനഷ്ടത്തിന് ഇടയാക്കിയെന്നുമായിരുന്നു യുവാവ് പരാതിയിൽ പറഞ്ഞിരുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ ഭാര്യയെ വശീകരിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.



