തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത നടപടിയെ പരിഹസിച്ച് രാഹുൽ ഈശ്വർ. സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ല എന്ന് അയ്യപ്പൻ എസ്‌ഐടിക്ക് മൊഴി നൽകിയോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. സർക്കാരിനും സിപിഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്നും രാഹുൽ ആരോപിച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ദൈവത്തിന്റെ അനുമതി ചോദിച്ചില്ല എന്ന കാരണത്താൽ ഒരു തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രകാരം, അയ്യപ്പന്റെ അനുമതി വാങ്ങാതെയും താന്ത്രിക നടപടിക്രമങ്ങൾ പാലിക്കാതെയും പ്രവർത്തിച്ചു എന്നതാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ഇതിനു പിന്നാലെയാണ് അനുമതി കിട്ടിയില്ലെന്ന് എസ്‌ഐടിക്കാർക്ക് അയ്യപ്പൻ മൊഴികൊടുത്തോ എന്ന് രാഹുൽ ചോദിച്ചത്. ദൈവത്തിന്റെ അനുമതി കിട്ടിയോ ഇല്ലയോ എന്ന് പറയാനുള്ള ഏക അധികാരം തന്ത്രിക്കാണെന്നും ദൈവവുമായുള്ള ആശയവിനിമയം ധ്യാനത്തിലൂടെയുള്ളതാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ക്ഷേത്ര ഭരണത്തിൽ രണ്ട് തരത്തിലുള്ള അധികാരങ്ങളാണുള്ളത്. ഒന്ന് ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഭരണപരമായ കാര്യങ്ങളും (Secular Administration), രണ്ട് തന്ത്രിയുടെ കീഴിലുള്ള ആത്മീയ/ആചാര കാര്യങ്ങളും. ഭരണപരമായ വീഴ്ചകൾ ഉണ്ടായെന്ന് പറഞ്ഞ് ആചാരപരമായ കാര്യങ്ങളിൽ അധികാരമുള്ള തന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് നിയമപരമായി ശരിയല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
തന്ത്രിയുടെ അറസ്റ്റ് ഒരു രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമാണെന്നും രാഹുൽ പറയുന്നു. 2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും, സർക്കാരിനും പാർട്ടിക്കുമെതിരെയുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും തന്ത്രിയെ ബലിയാടാക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
തന്ത്രിക്കെതിരെ തയ്യാറാക്കിയിട്ടുള്ള റിമാൻഡ് റിപ്പോർട്ട് തികച്ചും ദുർബലവും വൈരുധ്യങ്ങൾ നിറഞ്ഞതുമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ (Suo Motu) എടുത്ത കേസിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നൽകിയ ഒൻപതോളം ഇടക്കാല വിധിന്യായങ്ങളിൽ ഒരിടത്തുപോലും തന്ത്രി കണ്ഠര് രാജീവർക്കെതിരേ പരാമർശങ്ങളില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.



