ഡൽഹി: പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് ഇന്ന് 55-ാം പിറന്നാൾ. ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച, പാർട്ടിയുടെ ഡൽഹി യൂണിറ്റും യൂത്ത് കോൺഗ്രസും സംയുക്തമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒരു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന തൊഴിൽ മേളയിൽ 20,000 ത്തോളം തൊഴിൽരഹിതരായ യുവാക്കൾ രജിസ്റ്റർ ചെയ്തതായി ഡൽഹി കോൺഗ്രസ് പ്രസിഡന്‍റ് ദേവേന്ദർ യാദവ് പറഞ്ഞു. ഏകദേശം 100 കമ്പനികൾ ഈ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5000ത്തിലധിം പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “രാജ്യത്തെ യുവാക്കളോടുള്ള രാഹുൽ ഗാന്ധിയുടെ താൽപര്യത്തിന്‍റെ നേരിട്ടുള്ള പ്രതിഫലനമാണ് ഈ സംരംഭം,” യാദവ് പറഞ്ഞു. “സർക്കാരിന്‍റെ വാഗ്ദാനങ്ങൾ തൊഴിലവസരങ്ങളായി മാറുന്നില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിലും പൊതുയോഗങ്ങളിലും നിരന്തരം ഉന്നയിച്ചിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



