ഒട്ടാവ: ജി7 ഉച്ചകോടിയിൽ സൗഹൃദം പങ്കുവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇടവേളയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദ സംഭാഷണം ആഗോള വേദിയിൽ നർമ്മവിഷയമാകുകയും പിന്നാലെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
ജി7 ഉച്ചകോടിയുടെ ഇടവേളയിൽ മാക്രോണിനെ കണ്ടുമുട്ടിയപ്പോൾ “ഈ ദിവസങ്ങളിൽ നിങ്ങൾ ട്വിറ്ററിൽ വഴക്കിടുകയായിരുന്നോ?” എന്ന് പ്രധാനമന്ത്രി മോദി തമാശരൂപേണ ചോദിക്കുകയായിരുന്നു. പിന്നാലെ ഇരുവരും പൊട്ടിച്ചിരിച്ചു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലെത്തിയതോടെ ഉപയോക്താക്കൾ തമാശ വിശകലനം ചെയ്യുകയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ മാക്രോണിനെതിരെ നടത്തിയ പരിഹാസങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു.
ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചിരുന്നു. ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേൽ-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ടാണെന്ന് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കാര്യം തള്ളിയ ട്രംപ് മാക്രോൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തന്റെ മടക്കത്തിന് പിന്നിൽ വെടിനിർത്തലുമായി ബന്ധമില്ലെന്നും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചത് ഇതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചർച്ച.
പബ്ലിസിറ്റി തേടുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ താൻ അമേരിക്കയിലേക്ക് മടങ്ങുന്നത് ഇസ്രായേലിനും ഇറാനും ഇടയിലുള്ള വെടിനിർത്തൽ സംബന്ധിച്ച് പ്രവർത്തിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു. അത് തെറ്റാണ്. താൻ ഇപ്പോൾ അമേരിക്കയിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അറിയില്ല, അതിന് വെടിനിർത്തൽ കരാറുമായി യാതൊരു ബന്ധവുമില്ല. അതിനേക്കാൾ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യത്തിനാണ് താൻ പോകുന്നത്. മനഃപൂർവ്വമോ അല്ലാതെയോ, ഇമ്മാനുവൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. കാത്തിരിക്കൂ. എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.