തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച് അതിശക്തമായി മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കാസർകോട്, കോഴിക്കോട് കണ്ണൂർ , മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്,പാലക്കാട്,തൃശൂർ,ഇടുക്കി,എറണാകുളം,കോട്ടയം,പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ന്യൂന മർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.കടൽക്ഷോഭം തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണം. വരും ദിവസങ്ങളിലും മഴ ശക്തമായ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, മഴക്കെടുതിയിൽപെട്ട ഇടുക്കി നെടുങ്കണ്ടം മേഖലയിലെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്. വെള്ളം ഇറങ്ങിയതിന് പിന്നാലെ വീടുകളിലേക്ക് താമസക്കാർ മടങ്ങിയെത്തി. കുമളിയിലും തൊടുപുഴയിലും ഇന്നലെ രാത്രി ഉണ്ടായത് അതിശക്തമായ മഴയാണ്.
നെടുങ്കണ്ടത്ത് മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല.വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി തുടങ്ങി. 50ലധികം വീടുകളിൽ വെള്ളം കയറിയതായും അത്രതന്നെ വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായതായുമാണ് പ്രാഥമിക കണക്ക്. വാഹനങ്ങളും വളർത്തു മൃഗങ്ങളും ഒഴുകിപ്പോയിട്ടുണ്ട്.കുമളിയിൽ ഇന്നലെ രാത്രിയും ശക്തമായ മഴ പെയ്തു. പെരിയാർ കര കവിഞ്ഞൊഴുകി. എല്ലാ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. തൊടുപുഴയിലും രാത്രി ശക്തമായ മഴയാണ് ലഭിച്ചത്.



