ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്തെ സ്‌ഫോടനത്തില്‍ പ്രാഥമികവിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ സുഭാഷ് മാര്‍ഗ് ട്രാഫിക് സിഗ്നലില്‍ സ്‌ഫോടനമുണ്ടായതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സിഗ്നലില്‍വെച്ച് ഒരു ഐ20 കാറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. കാല്‍നടയാത്രക്കാര്‍ക്കടക്കം പരിക്കേറ്റു. ചില വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. സ്‌ഫോടനവിവരം അറിഞ്ഞ് പത്തുമിനിറ്റിനുള്ളില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും ഡല്‍ഹി സ്‌പെഷ്യല്‍ ബ്രാഞ്ചും സ്ഥലത്തെത്തി.
എന്‍എസ്ജി, എന്‍ഐഎ സംഘങ്ങളും ഫൊറന്‍സിക് സംഘവും സ്ഥലത്തുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി കമ്മീഷണറുമായും സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍ചാര്‍ജുമായും നേരിട്ട് സംസാരിച്ചു. ഇരുവരും സംഭവസ്ഥലത്തുണ്ട്. സംഭവത്തില്‍ എല്ലാവശങ്ങളും പരിശോധിക്കും. സമഗ്രമായ അന്വേഷണം നടത്തും. എല്ലാവിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. താന്‍ ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും ആശുപത്രി സന്ദര്‍ശിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതിനുപിന്നാലെ അദ്ദേഹം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയുംചെയ്തു.



