കൊച്ചി: നഗരത്തിൽ പട്ടാപ്പകൽ തോക്കു ചൂണ്ടി 80 ലക്ഷം രൂപ കവർന്നു. സിനിമാദൃശ്യങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു മോഷണം. കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടന്ന കവർച്ചയാണ് ഇതെന്നാണു പൊലീസിന്റെ നിഗമനം. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോടു ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു പേർ ബൈക്കിലെത്തുകയും ഇവർ സ്ഥാപനത്തിലെത്തി നിരീക്ഷണം നടത്തി തിരിച്ചു പോകുകയും ചെയ്തു. പിന്നാലെ അഞ്ചു പേർ കാറില്‍ എത്തി സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിർത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടക്കുന്നു.
ഈ സമയത്ത് പണം മേശപ്പുറത്ത് വച്ച് എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണു വിവരം. തോക്കും വടിവാളുമടക്കമുള്ള ആയുധങ്ങളുമായി എത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്ത് കാറിൽ സ്ഥലത്തുനിന്നു കടന്നു. ഇവർ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആരാണെന്ന് കടയിൽ ഉള്ളവർക്കും വ്യക്തതയില്ല. അതേസമയം, വടുതല സ്വദേശിയായ സജി എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഇയാൾ സംഘത്തിൽ ഉൾപ്പെട്ടയാൾ ആണോ വിവരം നൽകിയ ആൾ ആണോ എന്നതിൽ വ്യക്തതയില്ല.
സ്ഥാപനത്തില്‍ ഇത്രയധികം തുക ഉണ്ടാകുമെന്ന് അറിയാവുന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടന്നിട്ടുള്ളത് എന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് രണ്ടു പേർ ആദ്യം സ്ഥാപനത്തിൽ എത്തിയത് എന്നാണു കരുതുന്നത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖംമൂടി ധരിച്ച് മറ്റുള്ളവർ എത്തുകയായിരുന്നു. മൊത്തവിതരണ സ്ഥാപനമായതിനാൽ സ്റ്റോക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയിലുണ്ടായിരുന്നതെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. ഈ സ്ഥാപനത്തിന്റെ ഉള്ളിൽ സിസിടിവി ഇല്ല എന്നും വിവരമുണ്ട്. അതുകൊണ്ടു തന്നെ സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. കവർച്ചാ സംഘം എത്തിയ കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.



