ദുബായ്: യുഎഇ ദിർഹമിനും യുഎസ് ഡോളറിനുമെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ. ഇതാദ്യമായി ദിർഹമിനെതിരെ 24.6 എന്ന നിലയിലും ഡോളറിനെതിരെ 90.4 എന്ന നിലയിലുമാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഈ റെക്കോർഡ് ഇടിവ് ഒരു വശത്ത് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമ്പോൾ, മറുവശത്ത് ഇന്ത്യയിലെ വർധിച്ച ഉൽപാദനച്ചെലവുകൾ കറൻസി മൂല്യത്തകർച്ചയുടെ നേട്ടങ്ങളെ മറികടക്കുന്നുവെന്നതാണ് വിപണിയിലെ സങ്കീർണമായ ചിത്രം.
രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎഇ വിപണിയിൽ കൂടുതൽ മത്സരക്ഷമത നൽകുമെന്ന് യൂണിയൻ കൂപ് ഡയറക്ടർ ഓഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഷുഐബ് അൽഹംമാദി പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചില സാധനങ്ങളുടെ, പ്രത്യേകിച്ച് ചുവന്ന ഉള്ളിയുടെ വിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില സാധനങ്ങൾക്ക് നിലവിൽ 10 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കുറവ് ആദ്യം പുതിയ ഉൽപന്നങ്ങളിലാണ് ആരംഭിച്ചത്, പിന്നാലെ ഉപഭോക്തൃ ഉൽപന്നങ്ങളിലും ഇത് പ്രതിഫലിക്കും.
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. 2025-ന്റെ ആദ്യ പകുതിയിൽ എണ്ണയിതര ഉഭയകക്ഷി വ്യാപാരം 3800 കോടി ഡോളറിലെത്തിയിരുന്നു (ഏകദേശം 13946 കോടി ദിർഹം). 2022 മേയിൽ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടതിന് ശേഷം വ്യാപാരം ഗണ്യമായി വർധിച്ചു. അരി, പഴങ്ങൾ, പച്ചക്കറികൾ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ നിരവധി ഉപഭോക്തൃ വസ്തുക്കൾ യുഎഇ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. യൂണിയൻ കൂപ്, അൽ ആദിൽ ട്രേഡിങ്, അൽ മായ ഗ്രൂപ്പ് തുടങ്ങിയ വലിയ റീട്ടെയിൽ ശൃംഖലകൾക്ക് ഇന്ത്യ പ്രധാന വിപണിയാണ്.



