തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസിൽ ഒരാള്‍ക്കൂടി അറസ്റ്റില്‍. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2019ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറായിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്റെ അറസ്റ്റ്. അതേസമയം കേസിലെ നാലാംപ്രതി എസ് ജയശ്രീ കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് എസ് ജയശ്രീ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നാണ് എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ ആവശ്യം.
ആരോഗ്യസ്ഥിതി മോശമാണെന്ന എസ് ജയശ്രീയുടെ വാദം ഹൈക്കോടതി തള്ളിയിരുന്നു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സ്വര്‍ണ്ണക്കൊള്ളയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദേവസ്വം ബോര്‍ഡിന്റെ താക്കോല്‍ സ്ഥാനത്തിരുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.



