തിരുവനന്തപുരം: താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തിന് അദ്ദേഹം അതെ എന്ന് തലകുലുക്കി സമ്മതിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറുകയായിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ് കോടതി മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കുള്ള മടക്കത്തിനിടെയായിരുന്നു പ്രതികരണം.
എസ്‌ഐടിക്ക് മുന്നിൽ വെള്ളിയാഴ്ച പുലർച്ചെ ഹാജരായ തന്ത്രിയെ നീണ്ട ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കൊള്ളയിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചത് അന്നത്തെ തന്ത്രി കണ്ഠരര് രാജീവരാണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അടക്കമുള്ളവർ നേരത്തേ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന കുറിപ്പ് നൽകിയതും കണ്ഠരര് രാജീവരായിരുന്നു.
കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തേ തന്ത്രി കണ്ഠരര് രാജീവരിൽനിന്ന് എസ്‌ഐടി സംഘം മൊഴിയെടുത്തിരുന്നു. പോറ്റിയെ അറിയാമെന്നും എന്നാൽ, ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ചാണ് കുറിപ്പ് നൽകിയതെന്നുമായിരുന്നു രാജീവരുടെ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, സ്മാർട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ, മുൻ ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇതുവരെ അറസ്റ്റിലായവർ.



