Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശബരിമല സ്വർണക്കൊള്ള പ്രതിഷേധം: ക്ലിഫ് ഹൗസിനു മുന്നിൽ അയ്യപ്പജ്യോതി സംഘടിപ്പിച്ച് ബിജെപി

ശബരിമല സ്വർണക്കൊള്ള പ്രതിഷേധം: ക്ലിഫ് ഹൗസിനു മുന്നിൽ അയ്യപ്പജ്യോതി സംഘടിപ്പിച്ച് ബിജെപി

തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയുടെ പേരിൽ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോൺഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ ബിജെപി സംഘടിപ്പിച്ച അയ്യപ്പജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖർ.

പുണ്യക്ഷേത്രമായ ശബരിമലയിൽ സ്വർണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ എസ്‌ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റുചെയ്തതെന്നും രാജീവ് ചന്ദ്രശേർ ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാൻ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏൽപ്പിക്കണമെന്നും 2018ൽ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും ‘അയ്യപ്പജ്യോതി’ ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്വർണക്കൊള്ളയുടെ പേരിൽ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനേയും അടൂർ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്‌ഐടി, വിവരങ്ങൾ ചോദിച്ചറിയാൻ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരൻ പറഞ്ഞു. എസ്ഐടിയെ നിയന്ത്രിക്കുന്നത് ആരാണ്. തന്ത്രിക്ക് ജാമ്യം ലഭിച്ച ശേഷവും സിപിഎം നേതാക്കൾ തന്ത്രിയെ ലക്ഷ്യം വെയ്ക്കുന്നു. തന്ത്രി പെരുംകള്ളൻ ആണെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കടകംപള്ളിക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്ത ആളാണ്. ഹിന്ദു പുരോഹിതൻ ആയത് കൊണ്ടല്ലേ നിയമസഭയിൽ അടക്കം തന്ത്രിയെ അപമാനിക്കുന്നത്, വി മുരളീധരൻ കൂട്ടിച്ചേർത്തു.

ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളികൾ മോഷ്ടിക്കപ്പെട്ടിട്ടു മാസങ്ങൾ ആയി. ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികൾ ഏറെ വേദനയോടെയാണ് ആ സംഭവത്തെ കാണുന്നത്. കുറ്റക്കാർക്ക് അർഹമായ ശിക്ഷ നടപ്പാക്കും എന്ന് ബിജെപി വിശ്വാസികൾക്ക് നൽകിയ ഉറപ്പാണ്. സ്വർണക്കൊള്ളയിലെ അന്വേഷണം സ്വതന്ത്ര്യവും നിഷ്പക്ഷവുമായ ഏജൻസിയെ ഏൽപ്പിക്കണം എന്നത് വിശ്വാസികളിൽ നിന്നുയരുന്ന ആവശ്യമാണ്. സിബിഐ അന്വേഷിച്ചാൽ മാത്രമേ കുറ്റക്കാർ പിടിയിലാവൂ. കടകംപള്ളി സുരേന്ദ്രനും വി.എൻ. വാസവനും അടക്കമുള്ളവരുടെ പങ്ക് പുറത്തു വരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, ശോഭ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. സോമൻ, സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ, സൗത്ത് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments