ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയിൽ മായാത്ത ചിരിയുമായെത്തുന്ന സുന്ദരനായ അപ്പൂപ്പൻ. നരച്ച താടിയും മുടിയുമുള്ള നമ്മുടെ ഈ ക്രിസ്മസ് അപ്പൂപ്പൻ ക്രിസ്മസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വീടിന്റെ ചിമ്മിനിയിലൂടെ ഇട്ടു കൊടുക്കുമെന്നാണ് ഐതിഹ്യം. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടുമുള്ള കുട്ടികൾ സാന്റയുടെ സമ്മാനം കാത്തിരിക്കുന്നത്.
നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ശരിക്ക് പറഞ്ഞാൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന ബിഷപ്പാണ് പിന്നീട് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസിനോടടുത്ത് ഡിസംബർ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം.
ഡച്ചുകാർ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങൾ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാർവദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പൻ, ക്രിസ്തുമസ് പപ്പാ, അങ്കിൾ സാന്റാക്ലോസ് എന്നിങ്ങനെ പേരുകൾ പലതുമാകട്ടെ കുട്ടികൾക്ക് പ്രിയപ്പെട്ടവൻ, അവനാണീ സാന്റാ….
ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയിൽ ശൈത്യകാല മാനുകൾ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിൽ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികൾ പ്രചാരത്തിലുണ്ട്.