ദമ്മാം: സൗദിയില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ക്യാമറകള്‍ വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കുന്ന രീതിക്ക് ഇന്ന് തുടക്കമാകും. നിയമലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തും. ഓരോ 15 ദിവസത്തിലും ഇന്‍ഷുറന്‍സ് നിയമലംഘനം നിരീക്ഷിച്ച് പിഴയീടാക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.
സാധുവായ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തും. ഇതിനായി പ്രത്യേക ക്യാമറകള്‍ രാജ്യത്തുടനീളം സജ്ജീകരിച്ചുകഴിഞ്ഞതായി ട്രാഫിക് വിഭാഗം അറിയിച്ചു. ക്യാമറകള്‍ വഴിയുള്ള ഓട്ടോമാറ്റിക്ക് നിരീക്ഷണത്തില്‍ എല്ലാ വിഭാഗം വാഹനങ്ങളും ഉള്‍പ്പെടുമെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ക്യാമറ വഴിയുള്ള നീരീക്ഷണം ഉണ്ടാകും. ഇന്‍ഷുറന്‍സ് ഇല്ലാത്തതോ കാലഹരണപ്പെട്ടതോ ആയ വാഹനങ്ങളുമായി റോഡിലേക്കിറങ്ങിയാല്‍ പിഴ ലഭിക്കുമെന്ന് ഉറപ്പാണ്. ട്രാഫിക് നിയമ ലംഘനങ്ങളില്‍ നേരത്തെ തന്നെ ഇന്‍ഷുറന്‍സ് നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. അപകടങ്ങളില്‍പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാവരും തങ്ങളുടെ വാഹനങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത് സുരക്ഷിതമാക്കണമെന്ന് ട്രാഫിക് വിഭാഗം ആവശ്യപ്പെട്ടു.