റിയാദ്: സൗദി അറേബ്യയുടെ ചലച്ചിത്ര മേഖല വൻ വളർച്ച രേഖപ്പെടുത്തുന്നതായി ഫിലിം കമ്മീഷൻ സി.ഇ.ഒ അബ്ദുല്ല അൽഖഹ്താനി വെളിപ്പെടുത്തി. 2018-ൽ സിനിമാശാലകൾ ഇല്ലാതിരുന്ന രാജ്യത്ത് ഇതുവരെ ഒമ്പത് കോടി ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതുവഴി ഏകദേശം 50 ലക്ഷം റിയാൽ വരുമാനം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. റിയാദിൽ സൗദി ഫിലിം ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, 2020 ൽ ഏകദേശം 60 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെങ്കിൽ, 2024 അവസാനത്തോടെ ഇത് ഏകദേശം 1.7 കോടി ടിക്കറ്റുകളായി ഉയർന്നു. വരുമാനത്തിന്റെ കാര്യത്തിൽ 90 ശതമാനം വർധനവാണ് ഉണ്ടായത്. അതായത്, 44.5 കോടി റിയാലിൽ നിന്ന് 2024 അവസാനത്തോടെ ഏകദേശം 8.45 കോടി റിയാലായി വരുമാനം ഉയർന്നു.



