തിരുവനന്തപുരം: സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അഭിനന്ദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. കായിക മേളയുടെ നടത്തിപ്പ് പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ അഭിനന്ദനം. നേരത്തെ സ്‌പോര്‍ട്‌സ് എക്‌സ്ട്രാ കരികുലം ആയിരുന്നു. ഇന്ന് സ്‌പോര്‍ട്‌സ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
”എങ്ങനെ ഒരു പ്രോഗ്രാം നടത്താം എന്ന് ശിവന്‍കുട്ടി കാണിച്ചു തന്നു. 20,000 കുട്ടികളാണ് കായിക മേളയില്‍ പങ്കെടുത്തത്. ഇത് വലിയൊരു പരിപാടിയാണ്. ഇതിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനം.” – ഗവര്‍ണര്‍ പറഞ്ഞു.
അര്‍ഹരായ കുട്ടികള്‍ക്ക് വീട് വച്ചു കൊടുക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയേയും ഗവര്‍ണര്‍ അഭിനന്ദിച്ചു. ഈ തീരുമാനം എടുത്തവര്‍ക്ക് അഭിനന്ദനമറിയിച്ച അദ്ദേഹം ഇത്ര മനോഹരമായ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
”ഇത്തവണ മുഖ്യമന്ത്രിയുടെ പേരിലാണ് സ്വര്‍ണ കപ്പ് നല്‍കുന്നത്. കുട്ടികള്‍ക്ക് മത്സരിച്ച് ഇത് നേടാനുള്ള പ്രചോദനം കൂടി നല്‍കുന്നുണ്ട്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നു. കായിക മേളയുടെ ഭാഗമായവര്‍ക്കും, മത്സരിച്ചവര്‍ക്കും നന്ദി.” – ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ദേശീയതലത്തില്‍ മത്സരത്തിന് പോകുന്ന കുട്ടികള്‍ക്ക് 350 രൂപയാണ് ടിഎ ആയി നല്‍കുന്നതെന്നും അവര്‍ക്ക് നല്‍കുന്ന തുക വര്‍ധിപ്പിക്കാന്‍ ധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പരിശീലനത്തിന് ആവശ്യത്തിനു സൗകര്യം ഇല്ലാത്ത കുട്ടികളെ സഹായിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. മത്സരിക്കാന്‍ പോകുന്ന കായികതാരങ്ങള്‍ക്ക് പ്രത്യേക യാത്ര സൗകര്യം ഉറപ്പാക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു.



