തിരുവനന്തപുരം: നെഹ്റു- ഗാന്ധി കുടുംബത്തെ പേരെടുത്ത് വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ച് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് അടിത്തറയിടുന്നതാണെന്നാണ് വിമര്‍ശനം.
‘ഇന്ത്യന്‍ പൊളിറ്റിക്‌സ് ആര്‍ എ ഫാമിലി ബിസിനസ്സ്’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴ ചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശമാണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്ന് ലേഖനത്തില്‍ വിമർശിക്കുന്നു.
ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. കുടുംബവാഴ്ചയുള്ള കുടുംബങ്ങള്‍ക്ക് സാധാരണയായി ഗണ്യമായ സാമ്പത്തിക മൂലധനം ഉണ്ട്. അത് അവര്‍ അധികാരത്തിലിരുന്ന വര്‍ഷങ്ങളിലൂടെ സമ്പാദിച്ചതാണെന്നും കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പാരമ്പര്യത്തിന് പ്രാധാന്യം ലഭിക്കുമ്പോള്‍, ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയുന്നു. സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗ്യത കുടുംബപ്പേര് മാത്രമാകുമ്പോള്‍ അത് പ്രശ്‌നമാകുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വാഗ്ദാനമായ ‘ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം’ പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല’, തരൂര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി കടുത്ത ഭിന്നത പരസ്യമാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്ന തരൂര്‍, ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ തരൂരിന്റെ ലേഖനത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.



