അബഹ : 26 –ാമത് അബഹ ഷോപ്പിങ് ഫെസ്റ്റിവലിന് അബഹ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള മൈതാനത്ത് തുടക്കമായി. അസീർ മേഖലയിലെ സ്വദേശികളേയും, വിദേശ വിനോദ സഞ്ചാരികളേയും, പ്രവാസികളേയും ആകർഷിക്കുന്നതിലൂടെ പ്രാദേശികമായി വിനോദ ആഘോഷ ഉത്സവ രംഗത്തെ പരിപോഷിപ്പിക്കുന്നതിനും മേള ഉപകരിക്കുന്നു.
ഇന്ത്യ, ചൈന, ഫിലിപ്പീൻസ്, മൊറോക്കോ, പാക്കിസ്ഥാൻ, ഈജിപ്ത്, സിറിയ, ജോർദാൻ, കുവൈത്ത്, കെനിയ, സെനഗൽ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവിലിയനുകൾ ഉൾപ്പെടുന്ന വിപുലമായ രാജ്യാന്തര ഉൽപന്ന പങ്കാളിത്തം ഈ വർഷത്തെ പതിപ്പിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
മേളയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച അനുഭവം നൽകുകയും പ്രദർശനത്തിലുള്ള വിപണികൾക്കും ഉൽപന്നങ്ങൾക്കും ആഗോളതല സ്പർശം നൽകുന്നതിനുമായാണ് ഇത്തരത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷോപ്പിങിനു പുറമേ, പ്രാദേശിക, വിദേശങ്ങളിൽ നിന്നുള്ള സംഗീത, വിനോദ ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന വിവിധ അനുബന്ധ പരിപാടികളും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു.



