തിരുവനന്തപുരം: തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്(എസ്‌ഐആർ) എന്യൂമറേഷൻ ഫോറം ഒപ്പിട്ടുനൽകാനുള്ള സമയം 18-ന് തീരും. എസ്‌ഐആറിന് അടിസ്ഥാനമാക്കിയ 2002-ലെയും 2025-ലെ പട്ടികകൾ താരതമ്യം ചെയ്യുമ്പോൾ പൊരുത്തപ്പെടാത്തവർക്ക് നോട്ടീസയച്ച് ഹിയറിങ് നടത്തും.
കരട് പട്ടികയെപ്പറ്റി പരാതികൾ നൽകാനുള്ള സമയം ഡിസംബർ 23 മുതൽ ജനുവരി 22 വരെയാണ്. ഹിയറിങ് ഫെബ്രുവരി 14 വരെയും. ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പുതിയ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിനു മുൻപുവരെ പേരുചേർക്കാം.
അതേസമയം, മരിച്ചവരും വോട്ടർപട്ടികയിൽ ഇരട്ടിപ്പുള്ളവരും ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പട്ടികയിലുള്ള 25 ലക്ഷത്തിന്റെ (എഎസ്ഡി പട്ടിക) പേരുവിവരം പുറത്തുവിടണമെന്ന് രാഷ്ട്രീയപ്പാർട്ടികൾ. ഇവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. പട്ടിക ലഭ്യമാക്കിയാൽ രാഷ്ട്രീയപ്പാർട്ടികൾ നേരിട്ടുപരിശോധിച്ച് വസ്തുത ഉറപ്പാക്കും. കമ്മിഷൻ നൽകുന്ന കണക്കിൽ സംശയങ്ങളും ചോദ്യങ്ങളും പാർട്ടികൾ ഉന്നയിച്ചു.
ഫോറം വാങ്ങാൻ തയ്യാറാകാത്തവരോ വാങ്ങിയിട്ടും തിരികെ നൽകാൻ വിസമ്മതിച്ചവരോ ഉൾപ്പെടുന്ന മറ്റുള്ളവരുടെ വിഭാഗത്തിലും രണ്ടുലക്ഷത്തോളം ആളുകളുണ്ട്. കരടുപട്ടിക പ്രസിദ്ധീകരിച്ചശേഷം 25 ലക്ഷത്തിൽപ്പെട്ട ആരെയെങ്കിലും കണ്ടെത്തിയാൽ ഫോറം ഏഴു മുഖേന വോട്ടർപട്ടികയിൽ ചേർക്കാൻ അവസരമുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
കണ്ടെത്താനാവാത്തവരുടെ പട്ടിക ചൊവ്വാഴ്ച വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബിഎൽഒമാർ നൽകിയിട്ടുണ്ടെന്നും കേൽക്കർ പറഞ്ഞു.



