Thursday, January 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടു: ശബരിമല സ്വർണക്കടത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്

ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടു: ശബരിമല സ്വർണക്കടത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്

കൊച്ചി: ശബരിമല സ്വർണക്കടത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും ഹൈക്കോടതി മുമ്പാകെ വിഷയം വന്നപ്പോൾ മൂന്നുപേരും ബെംഗളൂരുവിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഉൾപ്പെട്ടാൽ എന്തു ചെയ്യണമെന്നതടക്കം പ്രതികൾ ചർച്ചചെയ്തെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

ദ്വാരപാലക ശില്പങ്ങളിലേയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലേയും ശ്രീകോവിലിലേയും സ്വർണം പൊതിഞ്ഞ ഭാഗങ്ങളിൽനിന്നടക്കം സ്വർണം കവരാൻ ഗൂഢാലോചന നടന്നു. കട്ടിളപ്പാളിയിൽനിന്ന് 409 ഗ്രാം സ്വർണമാണ് സ്മാർട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തത്. ഇതിനുശേഷം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈയിൽ സ്വർണമെത്തി- എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശബരിമല സ്വർണക്കടത്തു കേസ് ഹൈക്കോടതിയുടെ മുമ്പിലെത്തിയത്. തട്ടിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് കോടതിയുടെ കർശന ഇടപെടൽ ഉണ്ടായത്. ഈ സമയത്ത് കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികളും ബെംഗളൂരുവിൽ ഒത്തുചേർന്നെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.

2025 ഒക്ടോബർ മാസത്തിൽ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്താം പ്രതിയായിട്ടുള്ള പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ബെംഗളൂരുവിൽ ഒത്തുചേർന്നുവെന്നാണ് എസ്ഐടി കണ്ടെത്തിയത്. മൂന്നുപേരുടേയും മൊബൈൽ ടവർ ലൊക്കേഷൻ വെച്ചിട്ടാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽപെട്ടാലുള്ള നടപടികളെക്കുറിച്ച് ഇവർ ചർച്ചചെയ്തുവെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്.

ദ്വാരപാലക ശില്പങ്ങളിൽനിന്ന് സ്വർണം കടത്തിയ കേസിൽ പതിനഞ്ചുപ്രതികളാണുള്ളത്. കട്ടിളപ്പാളിയിൽനിന്ന് സ്വർണം കടത്തിയ കേസിൽ പന്ത്രണ്ട് പ്രതികളുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments