റായ്പുർ : കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നില്ലെന്നു വ്യക്തമാക്കി കോൺഗ്രസ് നേതാവ് അൽക്ക ലാംബ. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നു എന്ന് ഇന്നലെ റായ്പുർ പ്ലീനറിയുടെ ഉദ്ഘാടന വേദിയിൽ പരാമർശിച്ചതിനു പിന്നാലെയാണ് ലാംബയുടെ പ്രസ്താവന. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നിലെന്നും പാർട്ടിപ്രവർത്തകർക്ക് മാർഗദർശിയായി തുടരുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയതായി അൽക്ക് ലാംബ അറിയിച്ചു. സദസ്സിലിരുന്ന സോണിയ ഗാന്ധി ലാംബയുടെ പ്രസ്താവനയെ അനുകൂലിക്കുന്ന തരത്തിൽ പുഞ്ചിരിക്കുകയും ചെയ്തു.
ചത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ കോൺഗ്രസ് പ്ലീനറിയുടെ രണ്ടാം ദിനം 15,000ത്തോളെ പ്രതിനിധികളെ സാക്ഷിയാക്കിയാണ് താൻ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്ന് സോണിയ ഗാന്ധി സൂചന നൽകിയത്. ‘‘2004 ലെയും 2009 ലെയും പൊതുതിരഞ്ഞെടുപ്പു വിജയങ്ങൾ എനിക്കു വ്യക്തിപരമായ സംതൃപ്തി നൽകി. പക്ഷേ, ഏറ്റവും സന്തോഷകരം മറ്റൊന്നാണ്; എന്റെ ഇന്നിങ്സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു’’–എന്നാണ് സോണിയ പറഞ്ഞത്.
1997 ലെ കൊൽക്കത്ത പ്ലീനറിയിലായിരുന്നു കോൺഗ്രസിലെ സോണിയയുടെ ആദ്യ പ്രസംഗം.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്‌ബറേലിയിൽനിന്ന് മത്സരിക്കുമോ അതോ സീറ്റ് മകൾ പ്രിയങ്ക ഗാന്ധിക്ക് കൈമാറുമോ എന്ന കാര്യത്തിൽ സോണിയ ഒരു സൂചനയും നൽകിയിട്ടില്ല. പ്ലീനറി സമ്മേളനത്തിൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു പ്രതിപക്ഷ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നച് ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.