ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനത്തിന്റെ നിരക്ക് തീരുമാനിച്ചിട്ടില്ലെന്ന് സ്റ്റാര്‍ലിങ്ക് ബിസിനസ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ലോറെന്‍ ഡ്രെയര്‍. സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ റെസിഡന്‍ഷ്യല്‍ സേവന നിരക്ക് പ്രഖ്യാപിച്ചു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ഇന്ത്യയിലെ നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ലോറെന്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രതിമാസ റസിഡന്‍ഷ്യല്‍ പ്ലാനിന് 8600 രൂപ വരുമെന്നും ഹാര്‍ഡ് വെയര്‍ കിറ്റിന് 34000 രൂപ വിലയുണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വെബ്‌സൈറ്റിലുണ്ടായിരുന്നത് യഥാര്‍ത്ഥ വിലയല്ലെന്നും വെബ്‌സൈറ്റ് ഒരുക്കുമ്പോള്‍ നല്‍കിയ ഡമ്മി വിലയാണ് അതെന്നും ലോറന്‍ വ്യക്തമാക്കി. സാങ്കേതിക പിഴവ് കാരണം അത് വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയായിരുന്നു.
സ്റ്റാര്‍ലിങ്ക് ഇന്ത്യ വെബ്‌സൈറ്റ് ലൈവ് ആയിട്ടില്ല. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കുള്ള സേവന നിരക്കുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുമില്ല.
കോണ്‍ഫിഗറേഷന്‍ പ്രശ്‌നം കാരണമാണ് ഡമ്മി ടെസ്റ്റ് ഡാറ്റ പ്രദര്‍ശിപ്പിക്കപ്പെട്ടത്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനത്തിന് ആവശ്യമായ ചെലവുമായി അതിന് യാതൊരു ബന്ധവുമില്ല. പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ലോറെന്‍ വ്യക്തമാക്കി.
സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റില്‍ ഇന്ത്യയിലെ ജനങ്ങളെ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ഏറെ ആഗ്രഹിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അന്തിമ അനുമതി നേടാനും സേവനം ആരംഭിക്കാനുമാണ്. ഞങ്ങളുടെ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായ ഏഴായിരത്തോളം ഉപഗ്രഹങ്ങളുള്ള സ്റ്റാര്‍ലിങ്ക് ആണ് ലോകത്ത് ഏറ്റവും വലിയ ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള സാറ്റ്‌കോം കമ്പനി. രാജ്യത്ത് പരമ്പരാഗത ഇന്റര്‍നെറ്റ് എത്തിക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ അതിവേഗ കണക്ടിവിറ്റി എത്തിക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിലൂടെ സാധിക്കും.



