ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായി ഗൂഗിൾ – ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. ലോകത്തെ മുൻനിര ടെക് കമ്പനിയുടെ മേധാവി ജനക്കൂട്ടത്തിനിടയിൽനിന്ന് ആരോ പേര് വിളിച്ചതുകേട്ട് പുഞ്ചിരിച്ച് കൈവീശുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
പ്രിയാൻഷു എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഉച്ചകോടിക്കിടെ ഉദ്യോഗസ്ഥരോടൊപ്പം നടന്നുപോയ അദ്ദേഹത്തെ കണ്ട് ആരോ ഉറക്കെ പേരുവിളിച്ചു. ഇതോടെ അദ്ദേഹം ജനക്കൂട്ടത്തിനുനേരെ തിരിഞ്ഞ് പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. സിഇഒയുടെ ലാളിത്യത്തെ പലരും പ്രശംസിച്ചു. ‘അദ്ദേഹം എത്ര ലാളിത്യമുള്ള വ്യക്തിയാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ക്ലിപ്പ് പങ്കുവെച്ചത്. സുന്ദർ പിച്ചൈയുടെ പ്രതികരണം പല ഉപയോക്താക്കളുടെയും അഭിപ്രായങ്ങളിൽ പ്രതിഫലിച്ചു.
വിദ്യാർഥിയായിരുന്ന കാലത്ത് ഇന്ത്യയിലുടനീളം സഞ്ചരിച്ച അനുഭവം ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ സുന്ദർ പിച്ചൈ വിവരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് ഐഐടി ഖരഗ്പൂരിലേക്ക് കൊറോമാൻഡൽ എക്‌സ്പ്രസിൽ പതിവായി യാത്ര ചെയ്തിരുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. രാജ്യത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ ഒരു വ്യത്യസ്ത കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചതിനെക്കുറിച്ച് വിവരിച്ചു. വിശാഖപട്ടണത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം അതിനെ ഒളിഞ്ഞുകിടക്കുന്ന സാധ്യതകളുടെ നഗരം എന്ന് വിശേഷിപ്പിച്ചു.
അക്കാലത്തെ ഓർമ്മകളെയും ഇന്നത്തെ ഇന്ത്യയുടെ അതിവേഗ ഡിജിറ്റൽ പരിവർത്തനത്തെയും അദ്ദേഹം താരതമ്യം ചെയ്തു. ആഗോളതലത്തിൽ നൂതന കണ്ടുപിടുത്തങ്ങളിലും നിർമിത ബുദ്ധിയുടെ രംഗത്തും ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ അദ്ദേഹം പ്രശംസിച്ചു. വിശാഖപട്ടണത്ത് ഗൂഗിളിന്റെ എഐ ഹബ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം അത് ഇന്ത്യയിലെ 15 ബില്യൺ ഡോളറിന്റെ അടിസ്ഥാന സൗകര്യ നിക്ഷേപത്തിന്റെ ഭാഗമായിരിക്കുമെന്നും അറിയിച്ചിരുന്നു.



