Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗൂഗിളിന് വൻ തിരിച്ചടി, 30 ദിവസത്തിനുള്ളിൽ 1,337 കോടി പിഴ അടയ്‌ക്കണമെന്ന നടപടി ശരിവച്ച് ട്രിബ്യൂണൽ

ഗൂഗിളിന് വൻ തിരിച്ചടി, 30 ദിവസത്തിനുള്ളിൽ 1,337 കോടി പിഴ അടയ്‌ക്കണമെന്ന നടപടി ശരിവച്ച് ട്രിബ്യൂണൽ

സിസിഐ ചുമത്തിയ 1,337.76 കോടി രൂപയുടെ പിഴ ഗൂഗിൾ അടയ്‌ക്കേണ്ടിവരുമെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വിധിച്ചു. എൻസിഎൽഎടിയുടെ രണ്ടംഗ ബെഞ്ച് നിർദേശം നടപ്പാക്കാനും 30 ദിവസത്തിനകം തുക അടയ്ക്കാനും ഗൂഗിളിനോട് നിർദേശിച്ചു. ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മത്സര വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം ഒക്ടോബർ 20ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയിരുന്നു. 
സിസിഐ പാസാക്കിയ ഉത്തരവുകൾക്ക് മേലുള്ള അപ്പീൽ അതോറിറ്റിയായ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന് (എൻസിഎൽഎടി) മുൻപാകെ ഗൂഗിൾ ഈ വിധിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ എൻസിഎൽഎടി ഗൂഗിളിന്റെ ഹർജി തള്ളുകയും സിസിഐ നടത്തിയ അന്വേഷണത്തിൽ സ്വാഭാവിക നീതിയുടെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.

ഗൂഗിളിനെതിരെ സിസിഐ ചുമത്തിയ 1337 കോടി രൂപ പിഴ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിയും വിസമ്മതിച്ചിരുന്നു. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനുമേല്‍, അംഗീകരിക്കാനാകാത്ത രീതിയില്‍ ആധിപത്യ സ്വഭാവം കാണിക്കുന്നതിനെതിരെയാണ് ഗൂഗിളിന് സിസിഐ പിഴ ചുമത്തിയത്. ഇന്ത്യന്‍ ടെക്നോളജി മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കു നയിച്ചേക്കാവുന്ന സുപ്രധാന വിധിയായിരിക്കാം ഇതെന്ന വിലയിരുത്തലും ഉണ്ട്.

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ തങ്ങളുടെ ആപ്പുകള്‍ നീക്കം ചെയ്യാനാക്കാത്ത രീതിയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതാണ് ഗൂഗിളിനെ വെട്ടിലാക്കിയ പ്രശ്‌നങ്ങളിലൊന്ന്. സമാനമായ വിധി യൂറോപ്യന്‍ യൂണിയനിലും ഉണ്ടായിട്ടുണ്ട്. ഈ കേസ് വാദത്തിനിടയില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് മാപ്‌മൈഇന്ത്യ (MapmyIndia). ഗൂഗിള്‍ മാപ്‌സ് പ്രചാരത്തില്‍ വരുന്നതിനു വളരെ മുൻപ് ഇന്ത്യയില്‍ മാപ്പിങ് നടത്തിവന്ന കമ്പനിയാണിത്. പുതിയ ഉപയോക്താക്കളിലാരും ആ പേരു ശ്രദ്ധിച്ചിട്ടു പോലും ഉണ്ടായിരിക്കില്ല. കാരണം തങ്ങളുടെ മാപ്‌ മാത്രമേ ഉപയോഗിക്കാവൂ എന്നാണല്ലോ ഗൂഗിളിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ 15 വര്‍ഷമായി ഗൂഗിള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തില്‍ നിന്ന് മോചിതമായിരിക്കുകയാണ് ഇന്ത്യ എന്നാണ് മാപ്‌മൈഇന്ത്യാ മേധാവി രോഹന്‍ വര്‍മ ഈ വിധിയോട് പ്രതികരിച്ചത്. ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുത്ത, തങ്ങളുടേതു പോലെയുള്ള ആപ്പുകള്‍ക്ക് രാജ്യത്തെ ഉപയോക്താക്കളിലേക്ക് എത്താനുള്ള വഴിയാണ് ഈ വിധിയിലൂടെ തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിസിഐയുടെ ഉത്തരവില്‍ ഇപ്പോള്‍ ഇടപെടേണ്ട യാതൊരു കാര്യവും കാണുന്നില്ലെന്നാണ് അന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും ഉള്‍ക്കൊള്ളിക്കുകയും എന്നാല്‍ ചില കാര്യങ്ങളില്‍ അതിനപ്പുറം പോകുകയും ചെയ്തിരിക്കുകയാണ് സിസിഐ. ഇതോടെ ഗൂഗിളുമായി മത്സരിക്കുന്നവര്‍ക്കും വിപണി തുറന്നുകിട്ടും. ഗൂഗിള്‍ പാര്‍ശ്വവല്‍ക്കരിച്ച പല കമ്പനികള്‍ക്കും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായിരിക്കും ഇനി ഒരുങ്ങുക. ഒരു വിപണി എന്ന നിലയില്‍ പരിധിയില്ലാത്ത സാധ്യതകളാണ് നിലനില്‍ക്കുന്നത്. രാജ്യത്തുനിന്ന് ‘പുതിയ യൂട്യൂബും’ പുതിയ മാപ്പിങ് സേവനങ്ങളും ബ്രൗസറുകളും സേര്‍ച്ച് എൻജിൻ പോലും ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, വിധി നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് വില കൂടിയേക്കാമെന്ന് ഗൂഗിള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. ഗൂഗിളിന്റെ പല സേനവങ്ങളും ഫ്രീയായി നിലനിര്‍ത്തുന്നത് ഉപയോക്താക്കളുടെ ഡേറ്റ പ്രയോജനപ്പെടുത്തിയാണ്. ഇക്കാര്യത്തില്‍ ഇനി മാറ്റം വരുമോ എന്ന കാര്യം കണ്ടറിയണം. ഇതുപോലെ തന്നെ പല ആപ് സ്റ്റോറുകളും ഉപയോഗിച്ചാല്‍ ഫോണുകളിലും മറ്റും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട്. അത് ഉപയോക്താക്കള്‍ക്കും ദേശീയ സുരക്ഷയ്ക്കു പോലും ഭീഷണിയായേക്കാമെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡിന്റെ പല വേര്‍ഷനുകളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സിസിഐ ഉത്തരവ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് കമ്പനി പറയുന്നത്.

ഉപയോക്താക്കള്‍ തങ്ങളുടെ ശീലങ്ങളോ പ്രിയപ്പെട്ട ആപ്പുകളോ പൊടുന്നനെ ഉപേക്ഷിക്കാനുള്ള സാധ്യതയൊന്നും ഇല്ലെന്നു കാണാം. തൽക്കാലം എല്ലാം അതേപടി തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം, ഉപകരണങ്ങള്‍ക്ക് വില കൂടിയാല്‍ അത് ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പിന് കൂച്ചുവിലങ്ങിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗൂഗിളിന്റെ ആപ്പുകള്‍ യഥേഷ്ടം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു പരിസ്ഥിതിയായിരിക്കാം ഇനി വരിക. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments