ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് (FSD) സിസ്റ്റത്തിലെ ‘മാഡ് മാക്‌സ്’ മോഡ് എന്ന് പറയപ്പെടുന്ന അഗ്രസീവ് ഡ്രൈവര്‍ അസിസ്റ്റന്‍സ് മോഡിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്കന്‍ അധികൃതര്‍. ഇതേക്കുറിച്ച് അടിയന്തരമായി വിവരങ്ങള്‍ തേടുകയാണെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (NHTSA) പറയുന്നു.
ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ മറ്റുമോഡുകളെക്കാള്‍ ഉയര്‍ന്ന വേഗത്തിലാണ് ഈ മോഡ് പ്രവര്‍ത്തിക്കുന്നത് എന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണിത്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന കമ്പനിയുടെ എഫ്എസ്ഡി മോഡിനെക്കുറിച്ച് ഏജന്‍സി അന്വേഷണം തുടങ്ങി മാസങ്ങള്‍ക്കുശേഷമാണ് മാഡ് മാക്‌സ് മോഡും നിരീക്ഷണ വലയത്തിലാകുന്നത്. വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി NHTSA നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ടു കഴിഞ്ഞുവെന്ന് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി.
വാഹനം ഓടിക്കുന്നതിന്റെയും എല്ലാ ട്രാഫിക് സുരക്ഷാ നിയമങ്ങളും പാലിക്കുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഡ്രൈവര്‍ക്കാണെന്നും ഏജന്‍സി ഓര്‍മിപ്പിച്ചു. കൂടുതല്‍ അഗ്രസീവായ ഈ എഫ്എസ്ഡി പതിപ്പ് ഉപയോഗിക്കുന്ന ടെസ്ല വാഹനങ്ങള്‍ക്ക് നിശ്ചയിച്ച വേഗപരിധിക്ക് മുകളില്‍ കുതിക്കാന്‍ കഴിയുമെന്ന് ഡ്രൈവര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഫെഡറല്‍ സുരക്ഷാ ഏജന്‍സി അന്വേഷണം ആരംഭിച്ചത്.
അതിനിടെ, വിവാദമായ ഈ മോഡിനെക്കുറിച്ചുള്ള ഒരു വിവരണം ടെസ്‌ല അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ റീപോസ്റ്റ് ചെയ്തിരുന്നു. വളരെ സുഗമമായി, അവിശ്വസനീയമായ വേഗത്തില്‍ കുതിക്കാനും മറ്റുവാഹനങ്ങളെ വെട്ടിച്ച് മുന്നേറാനും ഈ മോഡിന് കഴിയുമെന്നാണ് ടെസ്‌ല അവകാശപ്പെട്ടിരുന്നത്. ഇതൊരു സ്‌പോര്‍ട്‌സ് കാര്‍ പോലെ നിങ്ങളുടെ വാഹനം ഓടിക്കും. നിങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വൈകുന്നുണ്ടെങ്കില്‍, ഇത് നിങ്ങള്‍ക്കുള്ള മോഡാണ് എന്നും കമ്പനി പറഞ്ഞിരുന്നു. അഗ്രസീവായ അതിവേഗ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്ന ഈ അവകാശവാദം NHTSA-യുടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് നേരിട്ട് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ പ്രതികരണവുമായി ഇലോണ്‍ മസ്‌കും രംഗത്തെത്തിയിട്ടുണ്ട്. മാഡ് മാക്‌സ് പോലെ ഒന്നല്ല അത്. അതൊരു തമാശയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ടെസ്ലയുടെ എഫ്എസ്ഡി സിസ്റ്റം കടുത്ത വിമര്‍ശനം നേരിടുന്ന സമയത്താണ് ഈ അന്വേഷണം വരുന്നത്. ട്രാഫിക് സുരക്ഷാ ലംഘനങ്ങളെയും അപകടങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എഫ്എസ്ഡി ഘടിപ്പിച്ച 29 ലക്ഷം ടെസ്ല വാഹനങ്ങളെക്കുറിച്ച് NHTSA ഈ മാസം ആദ്യം അന്വേഷണം തുടങ്ങിയിരുന്നു. എഫ്എസ്ഡി ഉപയോഗിക്കുമ്പോഴുള്ള ട്രാഫിക് സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട 58 സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. റിപ്പോര്‍ട്ടില്‍ 14 അപകടങ്ങളെക്കുറിച്ചും 23 പേര്‍ക്ക് പരിക്കേറ്റ സംഭവങ്ങളും പരാമര്‍ശിച്ചിരുന്നു.



