അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ പുതിയ നയം രൂപപ്പെടുത്തുന്നതിനെ കുറിച്ച് യു.എ.ഇ ഗവര്‍ണ്‍മെന്‍റ് പഠനം നടത്തും. യു.എ.ഇ പാർലമെന്‍ററി ബോഡിയായ ഫെഡറൽ നാഷനൽ കൗൺസിലിൽ ചോദ്യത്തിന് മറുപടിയായി സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉപഭോക്താക്കളെയും പ്രദേശിക ഉദ്പാദകരെയും വ്യവസായികളെയും കർഷകരെയും സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പഠനം. ഉദ്പാദകർക്ക് ന്യായമായ വില ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ അമിത വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതായിരിക്കും നയം. നിലവിൽ അവശ്യ സാധനങ്ങൾക്ക് ഗവര്‍ണ്‍മെന്‍റ് വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഉൽപന്നങ്ങൾക്ക് സർക്കാർ അനുമതിയോടെയല്ലാതെ വില വർധിപ്പിക്കാനാവില്ല. ഈ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യും.
അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ യാതൊരു നീക്കവുമില്ലെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോവിങ് അപ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. നീതീകരിക്കാത്ത രീതിയിൽ വിലവർധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. കഴിഞ്ഞ മാസം മുട്ട ഉൾപെടെയുള്ള കോഴി ഉൽപന്നങ്ങൾക്ക് 13 ശതമാനം വില വർധിപ്പിക്കാൻ ഗവര്‍ണ്‍മെന്‍റ് അനുമതി നൽകിയിരുന്നു. ആറ് മാസത്തേക്കാണ് വില വർധനക്ക് അനുമതി നൽകിയത്. ഉദ്പാദന ചെലവ് വർധിച്ചതിനാൽ വിവിധ സ്ഥാപനങ്ങളും ഫാമുകളും നിരന്തരമായി നൽകിയ അപേക്ഷയെ തുടർന്നാണ് വില വർധനവിന് അനുമതി നൽകിയതെന്ന് സാമ്പത്തിക കാര്യമന്ത്രാലയം വ്യക്തമാക്കി