അബുദാബി: പറക്കും ടാക്‌സിയുടെ പരീക്ഷണത്തിനൊരുങ്ങി യുഎഇ. ഈ വർഷം അവസാനം ടാക്‌സി സേവനം ആരംഭിക്കാനിരിക്കെയാണ് പരീക്ഷണം വേഗത്തിലാക്കുന്നത്. തൊട്ടടുത്ത മാസങ്ങളിൽ തന്നെ അൽ ഐനിൽ പരീക്ഷണ പറക്കൽ നടക്കുമെന്നാണ് വിവരം. അബുദാബിയിലാണ് ആദ്യമായി പറക്കും ടാക്‌സി ഓടിത്തുടങ്ങുക.
പറക്കും ടാക്‌സി വരുന്നതോടെ ദുബൈയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും. ആപ്പുകൾ വഴിയാണ് യാത്രക്കാർക്ക് പറക്കും ടാക്‌സികൾ ബുക്ക് ചെയ്യാനാവുക. പ്രീമിയം ടാക്‌സികൾക്ക് നിലവിൽ നൽകുന്ന നിരക്ക് തന്നെയാകും പറക്കും ടാക്‌സിയുടെയും നിരക്കെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഹെലിപോർട്ടുകളെന്ന പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് പറക്കും ടാക്‌സി ഉയരുന്നതും ലാൻഡ് ചെയ്യുന്നതും. വിവിധ സ്ഥലങ്ങളിലുള്ള ഹെലിപാഡുകളെ ഹെലിപോർട്ടുകളാക്കി മാറ്റി ഉപയോഗിക്കാമെന്ന് ആർച്ചർ ഏവിയേഷൻ കമ്പനി മുൻപ് പറഞ്ഞിരുന്നു. അബുദാബി ക്രൂയിസ് ടെർമിനൽ ഹെലിപാഡിനെ ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റാനുള്ള അനുമതി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി കമ്പനിക്ക് നൽകിയെന്നാണ് വിവരം.
യുഎഇയിൽ പറക്കാൻ പോകുന്ന ടാക്‌സിയുടെ മോഡൽ കമ്പനി അബുദാബിയിൽ പ്രദർശിപ്പിച്ചിരുന്നു. അബുദാബിയിൽ വിജയമായാൽ പറക്കും ടാക്‌സി രാജ്യത്തുടനീളം വ്യാപിപിക്കുമെന്നാണ് വിവരം.



