ദുബായ്: കളഞ്ഞുകിട്ടുന്ന സാധനങ്ങൾ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുന്നവർക്ക് 50,000 ദിർഹം (12.1 ലക്ഷം രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് ദുബായ്. ഇതുസംബന്ധിച്ച പുതിയ നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.
കളഞ്ഞുകിട്ടുന്ന വ്യക്തിക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 10% തുകയായിരിക്കും പാരിതോഷികം. ഇതു പരമാവധി 50,000 ദിർഹം വരെയാകാം. കളഞ്ഞുകിട്ടുന്ന വസ്തു 24 മണിക്കൂറിനകം ദുബായ് പൊലീസിന്റെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനകം പൊലീസിൽ ഏൽപ്പിക്കുകയും വേണം.
∙ നിയമലംഘകർക്ക് പിഴ 2 ലക്ഷം ദിർഹം
കളഞ്ഞുകിട്ടുന്ന വസ്തു കണ്ടെത്തുന്നവർ അത് ഉപയോഗിക്കാനോ കൈവശം വയ്ക്കാനോ, സ്വന്തമെന്ന് അവകാശപ്പെടാനോ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് 2 ലക്ഷം ദിർഹം (48.56 ലക്ഷം രൂപ) വരെ പിഴ ചുമത്തും. നഷ്ടപ്പെട്ട വസ്തു വീണ്ടെടുക്കുന്നതിന് ഉടമയ്ക്ക് പൊലീസിനെ സമീപിക്കാം. നിശ്ചിത കാലയളവിനുശേഷം പൊലീസ് വസ്തു ലേലം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്താൽ 3 വർഷത്തിനകം അതിന്റെ മൂല്യം ആവശ്യപ്പെടാം. സൂക്ഷിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരസ്യം ചെയ്യുന്നതിനുമുള്ള ചെലവുകൾ ഉടമ വഹിക്കണം.
∙ പൊലീസിനെ അറിയിക്കാൻ
ദുബായ് പൊലീസിന്റെ വെബ്സൈറ്റിൽ ടിഡബ്ല്യുഐഎൻസി ഫോർ ലോസ്റ്റ് ഡോക്യുമെന്റ് വിഭാഗത്തിൽ പ്രവേശിച്ച് വ്യക്തിയുടെ എമിറേറ്റ്സ് ഐഡിയും ഇമെയിൽ വിലാസവും നൽകണം. പിന്നീട് ആഡ് ഐറ്റം എന്ന ഐക്കണിൽ ക്ലിക് ചെയ്ത് ലഭിച്ച വസ്തു ഏതു വിഭാഗത്തിൽ പെട്ടതാണെന്ന് തിരഞ്ഞെടുക്കണം.
ഉപവിഭാഗവും പട്ടികയിൽനിന്ന് തിരഞ്ഞെടുക്കാം. ലഭിച്ച വസ്തുവിന്റെ ചിത്രവും ചേർക്കണം. തുടർന്ന് കളഞ്ഞു കിട്ടിയ തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്താൽ റജിസ്ട്രേഷൻ പൂർത്തിയാകും.



