സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി യുഎഇ ഭരണകൂടം. തൊഴില്‍ മേഖലയിലെ പ്രകടനം വിലയിരുത്തുന്ന അപ്രൈസലിലെ അനീതി ഉള്‍പ്പെടെ ചോദ്യം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നതാണ് പുതിയ നിയമം. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് യുഎഇയുടെ പുതിയ തൊഴില്‍ നിയമം.
യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലിസ്ഥലത്തെ അനീതികള്‍ക്കും പ്രകടന വിലയിരുത്തലില്‍ ഉണ്ടാകുന്ന പക്ഷപാതപരവും അന്യായവുമായ സമീപനങ്ങള്‍ക്കുമെതിരെ പരാതിപ്പെടാന്‍ സഹായിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം.ഒരു ജീവനക്കാരന് തന്റെ പ്രകടന വിലയിരുത്തല്‍ അന്യായമാണെന്ന് തോന്നിയാല്‍ തൊഴിലുടമക്കെതിരെ പരാതി നല്‍കാനാകും. മിക്ക സ്ഥാപനങ്ങള്‍ക്കും ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് ആഭ്യന്തര നടപടിക്രമങ്ങള്‍ നിലവിലുണ്ട്.
ആഭ്യന്തര പരാതി സംവിധാനം ഉപയോഗിച്ചിട്ടും പരിഹാരം ലഭിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്ക് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പരാതി സമര്‍പ്പിക്കാം. നിയമലംഘനം നടന്ന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പരാതി സമര്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, എന്നിവക്ക് പുറമെ തസ്ഹീല്‍ സര്‍വീസ് സെന്ററുകള്‍ വഴിയും പരാതി നല്‍കാനാകും. ശമ്പള സ്ലിപ്പുകള്‍, തൊഴില്‍ കരാര്‍, പ്രകടന വിലയിരുത്തലുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള ആശയവിനിമയങ്ങള്‍ മറ്റ് തെളിവുകള്‍ എന്നിവ പരാതിക്കൊപ്പം സമര്‍പ്പിക്കണം.



