ദുബായ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കുന്ന ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും. ബോർഡ് ഓഫ് പീസിൽ അംഗമാകാനുള്ള അമേരിക്കയുടെ ക്ഷണം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചതായി യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഗാസയിൽ ട്രംപ് നിർദേശിച്ചിരിക്കുന്ന 20 ഇന സമാധാന പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്തും സമാധാന പദ്ധതി സമ്പൂർണ വിജയമാകുന്നതിനുമാണ് സമിതിയിൽ യുഎഇ അംഗമാകുന്നത്.
പലസ്തീനികളുടെ അവകാശം സംരക്ഷിക്കുന്നതിൽ സമാധാന പദ്ധതി നിർണായകമാണ്. യുഎഇയുടെ രാജ്യാന്തര സഹകരണ മന്ത്രി റീം അൽ ഹാഷിമിയെ ഗാസാ എക്സിക്യൂട്ടിവ് ബോർഡിൽ അംഗമായി യുഇഎ നിയമിച്ചു. ഗാസയിലെ ഭരണ നിർവഹണത്തിനുള്ള ദേശീയ സമിതിയും ട്രംപിന്റെ സമാധാന സമിതിയും തമ്മിലുള്ള ഏകോപനത്തിനു രൂപീകരിച്ചിരിക്കുന്നതാണ് ഗാസ എക്സിക്യൂട്ടീവ് ബോർഡ്.
ഗാസയുടെ പുനർനിർമാണവും സമാധാനവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് സമാധാന സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനു രാജ്യാന്തര സഹകരണവും വിഭവ സമാഹരണവും സമിതിയിലൂടെ ലക്ഷ്യമിടുന്നു. ഗാസയുടെ പുനർ നിർമാണവും ഹമാസിന്റെ നിരായൂധീകരണവും സമിതി ഉറപ്പാക്കുമെന്നും അമേരിക്ക അവകാശപ്പെടുന്നു.



