Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എ.ഇയിൽ സ്ഥിതി സുരക്ഷിതം, എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

യു.എ.ഇയിൽ സ്ഥിതി സുരക്ഷിതം, എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: യു.എ.ഇയിൽ നിലവിൽ സ്ഥിതി സുരക്ഷിതമാണെന്നും എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദുബായ് മീഡിയ ഓഫീസ് എക്സിൽ കുറിച്ചു. യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഓൺലൈനിലായിരുന്നു ക്ലാസുകൾ. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലേറെയും വർക്ക് ഫ്രം ഹോം പിന്തുടർന്നു. റോഡുകളിൽ തിങ്കളാഴ്ചയിലുള്ള പതിവ് തിരക്കുണ്ടായിരുന്നില്ല. അത്യാവശ്യങ്ങൾക്ക് മാത്രമാണ് ആളുകൾ പുറത്തിറങ്ങിയത്. കടകളും ഷോപ്പിങ് മാളുകളുമെല്ലാം സാധാരണപോലെ തുറന്നു പ്രവർത്തിച്ചു. അതേസമയം, പാർക്കുകളിലും മറ്റ് ചെറിയ വിനോദകേന്ദ്രങ്ങളിലുമെല്ലാം ആളുകൾ കുറവായിരുന്നു.

രാജ്യത്തെ പ്രധാന വിനോദകേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. ദുബായിലെ ഗ്ലോബൽ വില്ലേജ് സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ തുറന്ന് പ്രവർത്തിക്കൂ എന്ന് അറിയിച്ചിട്ടുണ്ട്. അബുദാബി ക്ഷേത്രം ഈ മാസം ഒമ്പതുവരെ അടച്ചിടും.

ഗൾഫ് മേഖലയിൽ നിന്നുള്ള വിമാനസർവീസുകൾ സാധാരണരീതിയിൽ പുനഃരാരംഭിച്ചിട്ടില്ല. യു.എ.ഇ സമയം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിവരെയാണ് നേരത്തെ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നത്. എന്നാൽ, സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് വിമാന കമ്പനികൾ അറിയിച്ചിട്ടുണ്ട്.

അബുദാബിയിൽ തിങ്കളാഴ്ച ഡ്രോൺ ആക്രമണ ശ്രമമുണ്ടായി. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഗോഡൗണിനും വ്യാപാര കേന്ദ്രത്തിനും ചെറിയ നാശനഷ്ടമുണ്ടായി. യുഎഇയുടെ എയർ ഡിഫൻസ് സിസ്റ്റം ഡ്രോണുകൾ വിജയകരമായി തടഞ്ഞു. ആളപായം ഉണ്ടായിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments