യുഎഇ: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി യുഎഇയിൽ തുടരുന്ന മഴയ്ക്ക് നേരിയ ശമനം. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഇന്ന് തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും രാത്രിയിലും രാവിലെയും ഈർപ്പം ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
പ്രത്യേകിച്ച് തീരദേശ, ഉൾനാടൻ പ്രദേശങ്ങളിലാണ് ഈർപ്പം കൂടാൻ സാധ്യത. കൂടാതെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായും വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ രാജ്യത്ത് കൂടുതൽ മഴയും തണുപ്പും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ കനത്തതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും തണുത്ത താപനിലയും കാരണം കാലാവസ്ഥ മാറുകയാണ്. ഈ കാലാവസ്ഥാ മാറ്റത്തിനുള്ള പ്രധാന കാരണമെന്നത് ഉപരിതലത്തിലെ താഴ്ന്ന മർദ്ദമാണ് എന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.



