ആലപ്പുഴ: അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിപിഐഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. എല്‍ഡിഎഫ് മുസ്‌ലിങ്ങളെയും നായന്മാരെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ജി സുധാകരന്‍ ആരോപിച്ചത്. യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശകരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും പാണക്കാട് തങ്ങളും തനിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് താന്‍ ജയിക്കുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുളള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജി സുധാകരൻ മത്സരിക്കുന്നത്.
അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മണ്ഡലത്തിലെ 195 ബൂത്തുകള്‍ക്കും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് വോട്ടുചെയ്യുന്നത് തടയുമെന്നും ഭീഷണിയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രംഗത്തുവന്നിരുന്നു. നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല എന്നാണ് ജി സുധാകരന്‍ പറഞ്ഞത്. 1956 നവംബര്‍ ഒന്നിനാണ് നവകേരളമുണ്ടായത്. കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ ലാളിത്യമൊന്നും ഒരു മന്ത്രിമാര്‍ക്കുമില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു.



