മനാമ: ഇന്ത്യയിലെ 20 യൂണിവേഴ്സിറ്റികൾ കൂടി വ്യാജമെന്ന് പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. ഇതോടെ ഇവിടെ നിന്ന് ബിരുദമെടുത്ത നിരവധിപേരാണ് പ്രശ്നത്തിലായിരിക്കുന്നത്. നിബന്ധനകൾ പാലിക്കാതെയും ക്രമവിരുദ്ധമായും പ്രവർത്തിച്ച് വരികയായിരുന്നു ഈ യൂണിവേഴ്സിറ്റികളെന്ന് യുജിസി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വ്യാജ യൂണിവേഴ്സിറ്റികളിൽ നിന്ന് ബി.എഡ് പഠനം കഴിഞ്ഞെത്തിയ ബഹ്റൈനിലെ നിരവധി അധ്യാപകർ സർട്ടിഫിക്കറ്റ് പരിശോധനയിൽ അയോഗ്യരാകുകയായിരുന്നു. മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇവർ ബിരുദമെടുത്ത യൂണിവേഴ്സിറ്റികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ട് ലഭിച്ചത്. ഇന്ത്യക്കാരടക്കമുള്ള 12 പേരുടെ സർട്ടിഫിക്കറ്റുകളാണ് ഇങ്ങനെ വ്യാജമെന്ന് കണ്ടെത്തിയത്. ഇവർക്ക് യാത്ര വിലക്കേർപ്പെടുത്തുകയും റിമാൻഡ് ചെയ്യുകയുമുണ്ടായി. ഇവരുടെ കേസിൽ വിധി ഇനിയും വന്നിട്ടില്ല. ബിരുദവും, ബിരുദാനന്തര ബിരുദവും അംഗീകൃത യൂനിവേഴ്സിറ്റികളിൽനിന്ന് നേടിയവരാണിവർ. എന്നാൽ ഇവരിൽ പലരും ബി.എഡ് ബിരുദമെടുത്തത് ഇപ്പോൾ യു.ജി.സി വ്യാജമെന്ന് പ്രഖ്യാപിച്ച യൂണിവേഴ്സിറ്റികളിൽനിന്നായിരുന്നു. ബി.എഡ് എടുത്ത സമയത്ത് ആ യൂണിവേഴ്സിറ്റികൾക്കെതിരെ 20 യു.ജി.സി നടപടിയെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ വഞ്ചിതരായ അധ്യാപകരുടെ കാര്യത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
ക്വാഡ്രാബേയിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം സ്കൂളുകൾ ഉറപ്പാക്കണമെന്നാണ് നിബന്ധന. സ്കൂൾ അധികൃതർ നിർദേശിച്ചതിനെ തുടർന്ന് ഭൂരിപക്ഷം അധ്യാപകരും സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. അതോടെയാണ് പലരുടെയും സർട്ടിഫിക്കറ്റ് പരിശോധനഫലം നെഗറ്റിവ് ആയത്. സർട്ടിഫിക്കറ്റുകൾ നൽകിയ യൂണിവേഴ്സിറ്റികളുടെ അംഗീകാരം സംബന്ധിച്ച് സംശയമുള്ളവർ യു.ജി.സി വെബ്സൈറ്റ് സന്ദർശിച്ച് അക്കാര്യം ഉറപ്പുവരുത്തണം. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ക്വാഡ്രാബേയിൽ അപ് ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതായിരിക്കും അഭികാമ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വ്യാജമെന്ന് യു.ജി.സി കണ്ടെത്തിയ സർവകലാശാലകൾ
ഡൽഹിയിലെ യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി, ഡൽഹി വൊക്കേഷനൽ യൂനിവേഴ്സിറ്റി, ന്യൂഡൽഹി എഡിആർ സെൻട്രിക് ജുറിഡിക്കൽ യൂനിവേഴ്സിറ്റി, ന്യൂഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ്, ഡൽഹി വിശ്വകർമ ഓപൺ യൂനിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ഡൽഹി രോഹിണി അദ്ധ്യാത്മിക് വിശ്വവിദ്യാലയം, ബെൽഗാം ബഡഗൻവി സർക്കാർ വേൾഡ് ഓപൺ യൂനിവേഴ്സിറ്റി എജുക്കേഷൻ സൊസൈറ്റി, ഗുണ്ടൂർ ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി, വിശാഖപട്ടണം ബൈബിൾ ഓപൺ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ, ആലിപുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS), ഡൽഹി ദരിയഗഞ്ചിലെ കൊമേഴ്സ്യൽ യൂനിവേഴ്സിറ്റി ലിമിറ്റഡ്, കിഷനട്ടം സെന്റ് ജോൺസ് യൂനിവേഴ്സിറ്റി (കേരളം), രാജ അറബിക് യൂനിവേഴ്സിറ്റി നാഗ്പുർ , തിലാസ്പേട്ട് ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, അലഹബാദ് ഗാന്ധി ഹിന്ദി വിദ്യാപീഠം, കാൺപുർ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, അലീഗഢ് നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (ഓപൺ യൂനിവേഴ്സിറ്റി), ലഖ്നൗ ഭാരതീയ ശിക്ഷാ പരിഷത്ത്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ കൊൽക്കത്ത, താക്കൂർപുകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റിവ് മെഡിസിൻ ആൻഡ് റിസർച്ച് . വ്യാജ സർവകലാശാലകളിൽ എട്ടും ഡൽഹിയിലാണ്. നാലെണ്ണം ഉത്തർപ്രദേശിലും, രണ്ടെണ്ണം വീതം ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലുമാണ്. ഓരോന്ന് വീതം വീതം കർണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, എന്നിവിടങ്ങളിലുമുണ്ട്. പട്ടികയിലെ കിഷനട്ടം സെന്റ് ജോൺസ് യൂനിവേഴ്സിറ്റി കേരളത്തിലാണെന്നാണ് യു.ജി.സി സർക്കുലറിൽ പറയുന്നതെങ്കിലും ഇങ്ങനെയൊരു സ്ഥലം കേരളത്തിലുള്ളതായി ആർക്കുമറിയില്ല.