ദമ്മാം: ദമ്മാമിലെ റാക്ക സ്‌പോർട്‌സ് സിറ്റിയിൽ നിർമിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ സ്റ്റേഡിയത്തിൻറെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. നൂറ് കോടി ഡോളർ മുതൽ മുടക്കിൽ സൗദി അരാംകോ നിർമിക്കുന്ന കായിക ആസ്ഥാനത്തിൻറെ സ്ട്രക്ചർ വർക്കുകൾ അന്തിമ ഘട്ടത്തിലെത്തി. സ്മാർട്ട് കൂളിംഗ് സംവിധാനങ്ങൾ, അംഗപരിമിതർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, ആഡംബര വിഐപി സ്യൂട്ടുകൾ, പ്രകൃതി സൗഹൃദ നിർമാണം തുടങ്ങി നിരവധി സംവിധാനങ്ങളും സ്റ്റേഡിയത്തിൻറെ പ്രത്യേകതയാണ്.
ഫുട്‌ബോൾ സ്റ്റേഡിയത്തിനപ്പുറം സംയോജിത, മൾട്ടി-ഉപയോഗ കായിക കേന്ദ്രമായാണ് സമുച്ചയം ഒരുങ്ങുന്നത്. 7,000-ത്തിലധികം തൊഴിലാളികളാണ് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. ലോകകപ്പിന് പുറമെ 2027 ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്ന പ്രധാന വേദികളിലൊന്ന് കൂടിയാവും ഇത്. ദമ്മാമിലെ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ അൽഖാദിസിയ ക്ലബ്ബിൻറെ ഹോം ഗ്രൗണ്ടായി മാറ്റാനും പദ്ധതിയുണ്ട്. 47000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൻറെ നിർമാണം 2026ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



