തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘നായാടി മുതൽ നസ്രാണി വരെ’ എന്ന പുതിയ മുദ്രാവാക്യം ഉയർത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നതായിരുന്നു മുദ്രാവാക്യമെങ്കിൽ, ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ ക്രൈസ്തവ വിഭാഗത്തെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കണമെന്ന നിലയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഈ ആശയത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും തന്നെ വന്ന് കണ്ട് സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ക്രൈസ്തവ സമൂഹം വലിയ തോതിലുള്ള പ്രയാസങ്ങളും ഭയവും നേരിടുന്നുണ്ടെന്നും, പലരും അത് പരസ്യമായി പറയുന്നില്ലെങ്കിലും തന്റെ പക്കൽ വന്ന് പരാതികൾ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രൈസ്തവർക്ക് ഇന്ന് ഒരു സംരക്ഷണം ആവശ്യമാണെന്നും ആരിൽ നിന്ന് ആ ഉറപ്പ് ലഭിച്ചാലും അവർ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവരെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി.സി. തോമസ്, അൽഫോൺസ് കണ്ണന്താനം എന്നിവരെ മന്ത്രിമാരാക്കിയിട്ടും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി കൂടെയുണ്ടായിട്ടും ബിജെപിക്ക് എന്ത് ഫലമാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവ സമൂഹത്തെ നയിക്കുന്നത് അവരുടെ മതനേതാക്കളാണെന്നും അവർ ഇതുവരെ തുറന്ന മനസ്സോടെ ബിജെപിയുമായി ചേർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് ബിജെപിയുമായി ചേരാൻ ആഗ്രഹമുണ്ടെങ്കിലും ചില പ്രശ്നങ്ങൾ അവരെ അതിൽ നിന്ന് പിന്നോട്ട് വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകൽച്ച ഇപ്പോൾ ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ജി. സുകുമാരൻ നായർക്ക് അസുഖമായിരുന്നപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും പഴയ രീതിയിലുള്ള ഒരു അകൽച്ച ഇപ്പോൾ ഇരു വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ചുനിൽക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. മുസ്ലിം സമുദായത്തെ ഈ ഐക്യത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ക്രൈസ്തവർക്കിടയിൽ മുസ്ലിം സമുദായത്തോടുള്ള ഭയം നിലനിൽക്കുന്നുണ്ടെന്നും ഭീകരതയെ അവർ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം മറുപടി നൽകി.
പെരുന്നയിലേക്ക് വരുമെന്ന വെള്ളപ്പള്ളിയുടെ പ്രസ്താവനയോട് കരുതലോടെയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതികരിച്ചത്. വെള്ളാപ്പള്ളി പെരുന്നയിലേക്ക് വന്നാൽ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും, അദ്ദേഹം എന്തിനാണ് വരുന്നതെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും സുകുമാരൻ നായർ വ്യക്തമാക്കി. “അദ്ദേഹം പറഞ്ഞ കാര്യത്തിന് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടത്. ഇപ്പോൾ സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. എന്താണ് കാര്യമെന്ന് അറിയാതെ സ്വീകരിക്കാൻ കഴിയില്ലല്ലോ?.” അദ്ദേഹം ചോദിച്ചു.



