കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീനിവാസന്റെ വേര്‍പാട് കേരളക്കരയെ ഒന്നാകെ കണ്ണീരിലാക്കിയിരിക്കുകയാണ്. ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത പുറത്ത് വരുമ്പോള്‍ കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള ഒരു യാത്രയിലായിരുന്നു മകന്‍ വിനീത് ശ്രീനിവാസന്‍. മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ക്കുവേണ്ടിയുള്ള യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയിരുന്നു അദ്ദേഹം. വാർത്ത അറിഞ്ഞ ഉടന്‍ അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശ്രീനിവാസന്റെ വിയോഗം. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.



