ലോകത്താദ്യമായി 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ബുധനാഴ്ചയാണ് ഈ നിരോധനം നിലവില്‍ വന്നത്. എന്നാല്‍ കൗമാരക്കാര്‍ ഇതിനകം തന്നെ നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള കുറുക്കുവഴികള്‍ കണ്ടെത്തിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയെങ്കിലും പ്രായ സ്ഥിരീകരണ സംവിധാനങ്ങളിലെ പഴുതുകളാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, കിക്ക്, ട്വിച്ച്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളില്‍ നിന്നാണ് 16 വയസില്‍ താഴെയുള്ളവരെ വിലക്കിയത്. പുതിയ നിയമം അനുസരിച്ച് 16 വയസില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകളെല്ലാം കമ്പനികള്‍ നീക്കം ചെയ്തിരിക്കണം. അല്ലാത്തപക്ഷം, 4.95 കോടി ഡോളര്‍ പിഴയൊടുക്കേണ്ടിവരും. ഫോട്ടോ വെരിഫിക്കേഷന്‍, ഫെയ്‌സ് ഐഡി വെരിഫിക്കേഷന്‍, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവയാണ് പ്രായം സ്ഥിരീകരിക്കാനായി പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ ഈ നിരോധനം മറികടക്കാന്‍ പല വഴികളാണ് കൗമാരക്കാര്‍ സ്വീകരിക്കുന്നത്. അതിനായി ചിലര്‍ പുതിയ ആപ്പുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ തുടങ്ങി, നിലവിലുള്ള ആപ്പുകളില്‍ ലോഗിന്‍ ചെയ്യാന്‍ പുതിയ വഴികള്‍ തേടുന്നവരും രക്ഷിതാക്കളുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുമുണ്ട്.
സ്വന്തം ചിത്രത്തിന് പകരം അമ്മയുടെ ചിത്രം പ്രൊഫൈലിന് നല്‍കിയാണ് 13 കാരിയായ ഇസൊബെല്‍ സ്‌നാപ്ചാറ്റിലെ പ്രായപരിശോധന മറികടന്നതെന്ന് ബിബിസി പറയുന്നു. ടിക് ടോക്കിലും യൂട്യൂബിലും അക്കൗണ്ട് പോയാലും വീഡിയോകള്‍ കാണാന്‍ സാധിക്കുന്നുമുണ്ട്.
വിപിഎന്‍ സേവനങ്ങള്‍, വ്യാജ ഐഡികള്‍, ഫേഷ്യല്‍ വെരിഫിക്കേഷന് രക്ഷിതാക്കളുടേയും മുതിര്‍ന്ന സഹോദരങ്ങളുടെയും മുഖം ഉപയോഗിക്കല്‍ തുടങ്ങി നിരോധനം മറികടക്കാന്‍ ഒരുപാട് പഴുതുകളുണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം രൂപത്തില്‍ മാറ്റം വരുത്തിയാല്‍ പോലും മുഖം സ്‌കാന്‍ ചെയ്ത് പ്രായം പരിശോധിക്കുന്ന സംവിധാനത്തെ കബളിപ്പിക്കാനാവും.
പ്രായപൂര്‍ത്തിയായവരെന്ന് തോന്നിപ്പിക്കുന്ന മെഷ് ഫേസ് മാസ്‌കുകള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവരുമുണ്ട്. പ്രായം സ്ഥിരീകരിക്കാന്‍ അപരിചിതരുടെ സഹായം തേടുക, വ്യാജ ജനനതീയ്യതി ഉപയോഗിച്ച് പുതിയ അക്കൗണ്ട് ലോഗിന്‍ ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളും കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമുകളില്‍ പ്രായം സ്ഥിരീകരിക്കാന്‍ പ്രായപുര്‍ത്തിയായവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരസ്പരം പങ്കുവെക്കപ്പെടുകയും ചെയ്യുന്നു.
പല കൗമാരക്കാര്‍ക്കും ഫോട്ടോവെരിഫിക്കേഷന് വേണ്ടി എങ്ങനെ പ്രായം കൂട്ടാമെന്നും അറിയാം. തന്റെ 12 കാരിയായ മകള്‍ വ്യാജ കണ്‍പീലിയും ചെറിയ മേക്ക് അപ്പും ഉപയോഗിച്ചപ്പോള്‍ 17 ല്‍ കൂടുതല്‍ പ്രായം കാണിച്ചുവെന്നാണ് ന്യൂ സൗത്ത് വേല്‍സില്‍ നിന്നുള്ള ജില്ലിയന്‍ എബിസി ന്യൂസിനോട് പറഞ്ഞു. മേക്ക് അപ്പ് ഇല്ലാതെ തന്നെ 12 കാരിയെ 14 കാരിയായാണ് പ്ലാറ്റ്‌ഫോമില്‍ കാണിച്ചത്.
ഫേഷ്യല്‍ ഐഡി സംവിധാനവും പ്രായ പരിശോധനാ സംവിധാനങ്ങളും അപര്യാപ്തമാണെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. 14 കാരനായ മകന്‍ സ്‌നാപ്ചാറ്റ് ഇപ്പോഴും ഉപയോഗിക്കുന്നുവെന്നും അവന്‍ സ്‌നാപ്ചാറ്റിലെ സെല്‍ഫി വെരിഫിക്കേഷന്‍ പാസായെന്നും ഒരു യുവതി പറഞ്ഞു.



