കുവൈത്തിൽ കുടുംബവിസ നടപടികൾ ആരംഭിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ ഭാര്യക്കും മക്കൾക്കും കുടുംബ വിസ അനുവദിക്കാൻ അഭ്യന്തര മന്ത്രാലയം അനുമതി നൽകിയതായി റിപ്പോർട്ട്.
കുവൈത്തിൽ ആരോഗ്യ പ്രവർത്തകരുടെ ഭാര്യക്കും മക്കൾക്കും വിസ അനുവദിക്കുവാൻ നീക്കം. 15 വയസുവരെയുള്ള ആൺകുട്ടികൾക്കും 18 വയസ് വരെയുള്ള അവിവാഹിതരായ പെൺമക്കൾക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞമാസം ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചിരുന്നു. വിസ അപേക്ഷ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ സഹൽ ആപ്പ് വഴിയാകും ഒരുക്കുക.
രാജ്യത്ത് ഏറെ നാളായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നതിന്റെ ആദ്യഘട്ടമായി ഇതിനെ കണക്കാക്കുന്നുണ്ട്. കഴിഞ്ഞ ജൂണിലാണ് കുവൈത്തിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവച്ചത്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ട് വരാനാകാത്ത സ്ഥിതിയിലാണ് പ്രവാസികൾ. പുതിയ വിസ ലഭിക്കാത്തതിനാൽ ഇന്ത്യക്കാർ അടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്.
നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് കുടുംബ വിസ അനുവദിക്കുന്നത് നിർത്തിവെച്ചിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിസ വിതരണം പുനരാരംഭിച്ചെങ്കിലും ജുണോടെ വീണ്ടും നിർത്തലാക്കി. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാത്രമേ അനുവദിക്കുന്നുള്ളൂ.