റിയാദ്: വീസ ബൈ പ്രൊഫൈല്‍ എന്ന പദ്ധതി പ്രഖ്യാപിച്ച് സൗദി. ഈ പദ്ധതിയിലൂടെ വീസ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് സൗദിയിലേക്ക് അതിവേഗം സന്ദര്‍ശന വീസ ലഭിക്കും. പദ്ധതി അടുത്ത മാസം മുതൽ നടപ്പാക്കും. റിയാദില്‍ നടക്കുന്ന പ്രഥമ ടൂറിസം ഫോറത്തിലാണ് പദ്ധതി പ്രഖ്യാപനം വന്നത്. ലോകത്തു തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഇതാദ്യമാണ്.
സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ വീസ കാര്‍ഡ് ഉടമകളുടെ വീസ പ്രോസസിങ് നടപടികൾ വേഗത്തിലാകും. പാസ്പോര്‍ട്ട്, വീസ കാര്‍ഡ് വിവരങ്ങള്‍ മാത്രം ഉപയോഗിച്ച് സൗദിയിലേക്കുള്ള വീസ സ്വന്തമാക്കാം. സൗദിയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി.
സര്‍ക്കാര്‍ ഏജന്‍സികള്‍, വിമാനത്താവളങ്ങള്‍, ക്രെഡിറ്റ് ബ്യൂറോകളും ബാങ്കുകളും പോലുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ തമ്മിലുള്ള ഏകീകരണത്തിലൂടെ വീസ ഇഷ്യൂ ചെയ്യല്‍ പ്രക്രിയ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യാനാണ് വീസ ബൈ പ്രൊഫൈല്‍ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.



