THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മനം മയക്കുന്ന വയനാടന്‍ കാഴ്ചകള്‍

മനം മയക്കുന്ന വയനാടന്‍ കാഴ്ചകള്‍

യനാടിലെ അന്തമില്ലാത്ത കാടുകള്‍ക്കിടയില്‍ നിരവധി ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്നുണ്ട്. പുറംലോകവുമായി അധികം ബന്ധപ്പെടാനോ അവരുമായി ഇടകലരാനോ ഇവര്‍ ആഗ്രഹിക്കുന്നില്ല. മാറിയ ജീവിതസാഹചര്യങ്ങളോ ലോകത്തെ മാറ്റങ്ങളോ അറിയാതെ കഴിയുന്ന ഇവരെ അക്കാര്യത്തില്‍ കുറ്റപ്പെടുത്താനൊട്ട് കഴിയുകയുമില്ല എന്നതാണ് സ്ഥിതി. നിരവധി ഗുഹകളുടെയും ശില്‍പങ്ങളുടെയും നാടുകൂടിയാണ് വയനാട്. ആര്‍ക്കിയോളജിയില്‍ തല്‍പരരായ സഞ്ചാരികള്‍ വയനാടിനെ തിരഞ്ഞുപിടിച്ച് ടൂര്‍ ചാര്‍ട്ടിന്റെ ഭാഗമാക്കുന്നതിനും കാരണം മറ്റൊന്നല്ല. കനത്ത പാരമ്പര്യത്തിന്റെ ചരിത്രം പറയാനുള്ള വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ബാണാസുര സാഗര്‍ ഡാം

കല്‍പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിലെ പ്രശസ്തമായ ബാണാസുര സാഗര്‍ ഡാമിലെത്താം. കബനി നദിയുടെ കൈവഴിയിലാണ് മനോഹരവും പ്രൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. 1979 ല്‍ ആരംഭിച്ച ബാണാസുര സാഗര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ബാണാസുര സാഗര്‍ ഡാം പണികഴിപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ എര്‍ത് ഡാമാണ് ബാണാസുര സാഗര്‍ ഡാം. ഇവിടത്തെ ചെറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിലേക്കുളള ട്രക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്. ഇന്ത്യക്കാരും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രീതിയുള്ള ഒന്നാണ് ബാണാസുര സാഗര്‍ ഡാം.

പൂക്കോട് ലേക്ക്

വയനാട്ടിലെ മനോഹരമായ തടാകമാണ് പൂക്കോട് ലേക്ക്. ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രകൃതിസുന്ദരമായ ഈ തടാകം കാണാനായി ഇവിടെയെത്തുന്നത്. കനത്ത ഫോറസ്റ്റിന് നടുവിലെ ഈ തടാകം കേരളത്തിലെതന്നെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുടുംബസമേതം തടാകത്തില്‍ ഒരു ബോട്ടിംഗ് നടത്താനും തടാക്കക്കരയില്‍ കാഴ്ചകള്‍ കണ്ടിരിക്കാനും ഇവിടെ പറ്റും. വിനാദത്തിന് ശേഷം അല്‍പനേരം സ്വസ്ഥമായി ചെലവഴിക്കാനായി തടാകത്തിന് അല്‍പം മാറി ശ്രീ നാരായണ ആശ്രമമുണ്ട്.

കുറുവദ്വീപ്

വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി. നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്. ലോകമെമ്പാടുമുള്ള പ്രകൃതിസ്‌നേഹികളായ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണിത്. കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി) നല്‍കുന്ന ഫൈബര്‍ ബോട്ടുകളിലും റാഫ്റ്റിലും സഞ്ചാരികള്‍ക്ക് കുറുവ ദ്വീപിലെത്താം. വര്‍ഷത്തില്‍ എല്ലാക്കാലത്തും ഇവിടേക്ക് പ്രവേശനമില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കെ ടി ഡി സിയുടെയും മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ ഇവിടേക്ക് യാത്രചെയ്യാന്‍ പാടുള്ളൂ.

നീലിമല വ്യൂ പോയന്റ്

വയനാട്ടിലെ ഏറ്റവും അധികം സന്ദര്‍ശിക്കപ്പെടുന്ന ഒരു കേന്ദ്രമാണ് നീലിമല വ്യൂ പോയന്റ്. സ്‌പോര്‍ട്‌സും സാഹസികതയും ഇഷ്ടപ്പെടുന്ന ആളുകളുടെ ഇടയില്‍ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ്. ട്രക്കിംഗിന് മാത്രമല്ല, സമയം അനുവദിക്കുമെങ്കില്‍ ഇവിടെ ഒരു രാത്രി ക്യാംപ് ചെയ്യാനുമുള്ള സാധ്യതയുമുണ്ട്. സാഹസികരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള നിരവധി ആക്ടിവിറ്റീസുകള്‍ ഇവിടെയുണ്ട്. കോഫീ പ്ലാന്റേഷനിടയിലൂടെ ട്രക്കിംഗും ക്ലൈംബിംഗുമാണ് ഇതില്‍ പ്രധാനം. ഇഞ്ചിക്കാടുകളും കവുങ്ങുകളും നിറഞ്ഞതാണ് ഇവിടത്തെ തോട്ടങ്ങള്‍. നിരവധി മനംമയക്കുന്ന വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പ് നിറഞ്ഞ കാടുകളുടെയും കാഴ്ച ലഭിക്കുന്നതാണ്. മീന്‍മുട്ടി ഫാള്‍സും ഇവിടെ നിന്നുനോക്കിയാല്‍ കാണാന്‍ സാധിക്കും.

ട്രാവല്‍ ഡസ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments