ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങളുടെ വിവരങ്ങളടങ്ങുന്ന ‘ഇയര്‍ ഇന്‍ സെര്‍ച്ച് 2025’ പ്രഖ്യാപിച്ച് ഗൂഗിള്‍. ക്രിക്കറ്റിന് ഏറെ ജനകീയതയുള്ള രാജ്യമായതുകൊണ്ടുതന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണ് 2025 ല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ടത്. ജെമിനി എന്ന പേരാണ് ഇന്ത്യയിലെ സെര്‍ച്ചില്‍ രണ്ടാമതുള്ളത്. ഇത് ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടിന്റെ ജനകീയത വ്യക്തമാക്കുന്നു. ഇത് കൂടാതെ എഐ, മീമുകള്‍, സിനിമകള്‍, വാര്‍ത്താ സംഭവങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ പട്ടികയും ഗൂഗിള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ കൂടാതെ ഇന്ത്യയില്‍ നിന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങള്‍ ഏഷ്യ കപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി, വനിതാ ലോകകപ്പ് എന്നിവയാണ്. മഹാ കുംഭമേള, സയ്യാര, ധര്‍മേന്ദ്ര തുടങ്ങിയവയും ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
സിനിമ
സയ്യാരയാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ സിനിമ. കാന്താര, കൂലി, വാര്‍ 2 എന്നിവ പിന്നാലെയുണ്ട്. ഈ പട്ടികയില്‍ ആറാമതായി മലയാള ചിത്രം മാര്‍ക്കോ എന്ന ചിത്രം ഉണ്ടെന്നതും ശ്രദ്ധേയമാണ്.
വ്യക്തികള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരമായ വൈഭവ് സൂര്യവംശിയാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ വ്യക്തി. ക്രിക്കറ്റ് താരങ്ങളായ പ്രിയാന്‍ഷ് ആര്യ, അഭിഷേക് ശര്‍മ, ഷെയ്ഖ് റഷീദ്, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നിവരും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. പത്താമതായി മലയാളി ക്രിക്കറ്റ് താരം വിഗ്നേഷ് പുത്തൂരുമുണ്ട്.
എഐ
ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ എഐ സംവിധാനങ്ങളുടെ പട്ടികയില്‍ ജെമിനിയാണ് മുന്നില്‍. ജെമിനി എഐ ഫോട്ടോ എന്ന ടോപ്പിക്ക് രണ്ടാമതുണ്ട്. ഗ്രോക്ക്, ഡീപ്പ് സീക്ക്, പെര്‍പ്ലെക്‌സിറ്റി തുടങ്ങിയവ യഥാക്രമം പട്ടികിയില്‍ ഇടംപിടിച്ചു.
ഭക്ഷണം
ഇഡ്‌ലിയാണ് രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞ റെസിപ്പി. പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി എന്ന കോക്ക്‌ടെയ്ല്‍ ആണ് റെസിപ്പി സെര്‍ച്ചില്‍ രണ്ടാമതുള്ളത്. മോദക്, തെക്കുവ, ഉഗഡി പച്ചടി, ബീറ്റ്‌റൂട്ട് കാഞ്ചി, തിരുവാതിരൈ കളി, യോര്‍ക് ഷിരെ പുഡ്ഡിങ്, ഗോണ്ട് കാതിര, കൊളുക്കട്ടൈ എന്നിവയും ആളുകള്‍ ഏറ്റവും അധികം തിരഞ്ഞ പാചക വിധികളാണ്.
എന്താണ്?
ചില വിഷയങ്ങള്‍ എന്താണ് എന്നറിയാനും ആളുകള്‍ കൗതുകം കാണിച്ചു. വഖഫ് ബില്‍, ഫാക്ടോറിയല്‍ ഓഫ് 100, ഓപ്പറേഷന്‍ സിന്ദൂര്‍, മോക്ക്ഡ്രില്‍, എസ്‌ഐആര്‍ എന്നിവ എന്താണെന്നറിയാനാണ് ആളുകള്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ചത്.
അര്‍ത്ഥം
സീസ് ഫയര്‍, മോക്ക് ഡ്രില്‍, പൂക്കി, മേയ് ഡേ, 5201314, സ്റ്റാംപേഡ് ഉള്‍പ്പടെയുള്ള വാക്കുകളുടെ അര്‍ത്ഥമറിയാനും ഏറ്റവും അധികം ആളുകള്‍ താതത്പര്യം കാണിച്ചു.



