കൊച്ചി : ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ 83-ാം ജന്മദിനം ചൊവ്വാഴ്ച പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതൽ നടക്കും. നടൻ മമ്മൂട്ടി യേശുദാസിന്റെ പുതിയ ആൽബം ‘തനിച്ചൊന്നുകാണാൻ’ പ്രകാശനം ചെയ്യും. സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിലെ സഹപാഠികളും സഹകലാകാരന്മാരും സുഹൃത്തുക്കളും ഒന്നിച്ച് പിറന്നാൾ കേക്ക് മുറിക്കും. യേശുദാസ് അക്കാദമിയാണ് സംഘാടകർ.
മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി., കളക്ടർ രേണുരാജ്, എ.ഡി.ജി.പി. അജിത് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഗായകസംഘടനയായ ‘സമ’ ത്തിന്റെ ആഭിമുഖ്യത്തിൽ, ഉണ്ണിമേനോൻ, എം.ജി. ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായികാഗായകന്മാർ ചേർന്ന് ആശംസാ ഗീതാഞ്ജലി അർപ്പിക്കും.
ഛായാഗ്രാഹകൻ ലീൻ തോബിയാസ് പകർത്തിയ 83 ഗന്ധർവ ചിത്രങ്ങളുടെ പ്രദർശനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നു മുതൽ ചിത്രപ്രദർശനം ഉണ്ടാകും. ആഘോഷപരിപാടി ക്ഷണിതാക്കൾക്ക് മാത്രമായുള്ളതാണെന്ന് യേശുദാസിന്റെ മാനേജരും ജന്മദിനാഘോഷ കമ്മിറ്റി കൺവീനറുമായ അനിൽകുമാർ അറിയിച്ചു.